കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ അമര്‍നാഥ് യാത്രയ്ക്കിടെ എട്ട് തീര്‍ത്ഥാടകര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടു. ഇതോടെ, ഈ തീര്‍ത്ഥാടന കാലത്തിലെ മരണസംഖ്യ 41 ആയി ഉയര്‍ന്നു. തെക്കന്‍ കശ്മീരിലെ ഹിമാലയത്തിലെ ഗുഹാക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച 15 തീര്‍ഥാടകരും ഇതില്‍ ഉള്‍പ്പെടുന്നു.
വാര്‍ഷിക അമര്‍നാഥ് യാത്ര ജൂണ്‍ 30 ന് ആരംഭിച്ചെങ്കിലും ജൂലൈ 8 ന് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതോടെ ജൂലൈ 11 ന് തീര്‍ത്ഥാടനം പുനഃരാരംഭിച്ചു.തെക്കന്‍ കശ്മീരിലെ 3,880 മീറ്റര്‍ ഉയരമുള്ള ഹിമാലയന്‍ ഗുഹാക്ഷേത്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനം ഓഗസ്റ്റ് 22 ന് സമാപിക്കും.