തിരുവനന്തപുരം: കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്. മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും സതീശന് വ്യക്തമാക്കി.
കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.