പാര്‍ലമെന്റില്‍ വാക്കുകൾക്കൊന്നും നിരോധനമില്ലെന്ന് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള. ലോക്സഭാ സെക്രട്ടേറിയറ്റ് ബുക്ക്ലെറ്റില്‍ ചില വാക്കുകളുടെ ഉപയോഗം ‘അണ്‍പാര്‍ലമെന്ററി’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.പാര്‍ലമെന്റിന്റെ രേഖകളില്‍ നിന്ന് നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം മാത്രമാണ് ബുക്ക്ലെറ്റില്‍ ഉള്ളതെന്നും ഓം ബിര്‍ള പറഞ്ഞു.അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
1959 മുതല്‍ ഇത് തുടരുന്ന ഒരു പതിവാണ്. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല. അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ആര്‍ക്കും അത് അംഗങ്ങളില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കും കഴിയില്ല, എന്നാല്‍ അഭിപ്രായപ്രകടനം പാര്‍ലമെന്റിന്റെ മര്യാദ അനുസരിച്ചായിരിക്കണം ‘എന്ന് സ്പീക്കര്‍ പറഞ്ഞു.
‘നേരത്തെ, ഇത്തരം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറങ്ങിയിരുന്നു. ഇത്തവണ ഞങ്ങള്‍ അത് ഇന്റര്‍നെറ്റില്‍ ഇട്ടു. വാക്കുകളൊന്നും നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം ഞങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റില്‍ ചില അംഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് ചില വാക്കുകള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.’പുറത്താക്കിയ വാക്കുകള്‍ പ്രതിപക്ഷവും ഭരണപക്ഷവും പാര്‍ലമെന്റില്‍ ഉപയോഗിച്ചതാണ്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്ന വാക്കുകള്‍ തിരഞ്ഞു പിടിച്ച് നീക്കം ചെയ്തെന്ന ആരോപണം ശരിയല്ല.’ എന്നും സ്പീക്കര്‍ വ്യക്തമാക്കി.