ധാക്ക: ഐ.സി.സി ഉത്തേജക വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ 2.1 ലംഘിച്ചതിന് ബംഗ്ലാദേശ് പേസർ ഷൊഹീദുൽ ഇസ്ലാമിന് 10 മാസത്തെ സസ്പെന്ഷന്. താരം കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇതോടെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും താരത്തെ വിലക്കിയത്.
27 കാരനായ പേസർ ബംഗ്ലാദേശിനായി ഒരു ടി20 മത്സരം കളിച്ചിട്ടുണ്ട്. ഈ വര്‍ഷം മെയ് 28 മുതല്‍ താരത്തിന് വിലക്ക് ബാധകമാണ്. 2023 മാര്‍ച്ച് 28നെ താരത്തിന് തിരികെ ടീമിലെത്താന്‍ യോഗ്യതയുള്ളൂ.
താരത്തിന്റെ മൂത്ര സാംപിള്‍ പരിശോധിച്ചപ്പോള്‍ വാഡയുടെ നിരോധന പട്ടികയിലുള്ള പദാര്‍ഥത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു. ചികിത്സാ ആവശ്യങ്ങൾക്കായി നിയമപരമായി നിർദ്ദേശിച്ച മരുന്നിന്റെ രൂപത്തിൽ നിരോധിത പദാർത്ഥം ഷൊഹീദുല്‍ ഇസ്ലം അശ്രദ്ധമായി കഴിക്കുകയായിരുന്നു എന്നാണ് ഐസിസി കണ്ടെത്തിയിരിക്കുന്നത്. പ്രകടനം മെച്ചപ്പെടുത്താനല്ല ഈ മരുന്ന് ഉപയോഗിച്ചിരുന്നത് എന്ന് താരവും വിശദീകരിച്ചു.
ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ എവേ പരമ്പരകളിൽ ഷൊഹിദുൽ ബംഗ്ലാദേശ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരവും കളിച്ചിരുന്നില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ബംഗ്ലാദേശ് ടെസ്റ്റ്, ടി20 ടീമുകളിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പരിക്ക് മൂലം കളിക്കാനായിരുന്നില്ല.