ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസ് തനിക്ക് എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് കേസുകൾ റദ്ദാക്കുകയോ കേസുകൾ ഡൽഹിയിലേക്ക് മാറ്റുകയോ വേണമെന്ന് ആവശ്യപെട്ട് ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചു. ഇതിന് പുറമേ യുപി പോലീസ് അന്വേഷണത്തിനായി രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിടണമെന്നും സുബൈർ ആവശ്യപെട്ടു.
ഉത്തർപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള സീതാപൂർ കേസിൽ സുപ്രീം കോടതി സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ലഖിംപൂർ ഖേരിയിലെയും ഡൽഹിയിലെയും കേസുകളിൽ ജുഡീഷൽ റിമാൻഡിലായതിനാൽ സുബൈർ ഇപ്പോഴും ഡൽഹിയിലെ തീഹാർ ജയിലിലാണ്. ഇതിന് പുറമേ ഹാത്രസിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് സുബൈറിനെ 14 ദിവസത്തെ ജുഡീഷൽ കസ്റ്റഡിക്കും വിധിച്ചു.
ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന് പുറമേ ഉത്തർപ്രദേശിലെ ഹാത്രസ്, ഗാസിയാബാദ്, മുസാഫർനഗർ, ലഘിംപൂർ ഖേരി, സീതാപൂർ എന്നിവിടങ്ങളിലാണ് സുബൈറിന് എതിരെ യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹരിദ്വാർ ധർമ സൻസദിൽ പങ്കെടുത്ത യതി നരസിംഹാനന്ദ് ഉൾപടെയുള്ളവരെ വിദ്വേഷ പ്രചാരകർ എന്നു വിളിച്ചതിനാണ് സീതാപൂർ പോലീസ് സുബൈറിന് എതിരെ കുറ്റപത്രം രജിസ്റ്റർ ചെയ്തത്.