കൊളംബോ: ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒടുവില്‍ രാജിവെച്ചു. ഇ-മെയിലിലൂടെയാണ് രാജിക്കത്ത് ഗോതാബായ അയച്ചു നല്‍കിയതെന്ന് ശ്രീലങ്കന്‍ സ്പീക്കറുടെ വക്താവ് അറിയിച്ചു. അതേസമയം കത്തിന്റെ നിയമസാധുത പരിഗണിച്ച ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. നിയമസാധുത പരിശോധിക്കുന്നതിനായി കത്ത് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന് കൈമാറിയിട്ടുണ്ട്.
ഗോതാബയ രാജപക്സെ മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സൗദി അറേബ്യന്‍ വിമാനത്തില്‍ ഇന്ന് വൈകീട്ടാണ് ഗോതബായ സിംഗപ്പൂരില്‍ ഇറങ്ങിയത്. സ്വകാര്യ സന്ദര്‍ശനത്തിനാണ് ഗോതബായയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് എന്നാണ് സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഗോതബായ രാജ്യത്ത് അഭയം തേടിയിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നല്‍കില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
രജപക്സെ രാജിവെച്ചതിന് പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോതാബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
സ്പീക്കർ ആക്ടിങ് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയെ അംഗീകരിക്കില്ല. രണ്ട് പേരും ഒഴിയാതെ പൂർണമായും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും പ്രക്ഷോഭകർ വ്യക്തമാക്കി. എങ്കിലും പ്രസിഡന്റിന്റെ രാജിയെ വിജയദിനമെന്നും ഇവർ വിശേഷിപ്പിക്കുന്നു.