തിരുവനന്തപുരം: കെഎസ്ഇബിയില്‍ ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റിയ ബി.അശോക് സ്ഥലം മാറിപോകുന്നത് യൂണിയന് നേതാക്കള്‍ക്ക് എട്ടിന്റെ പണി നല്കി. യൂണയന് സംരക്ഷണം അതത് ജില്ലകളില്‍ മാത്രമാക്കി ബി.അശോക് ഉത്തരവിറക്കി. ഇതോടെ അച്ചടക്ക നടപടി നേരിട്ടവർക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ല.
കെ.എസ്.ഇ.ബി. ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ബി. അശോക് ഐ.എ.എസിനെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. രാജന് ഖൊബ്രഗഡെയാണ് കെ.എസ്.ഇ.ബിയുടെ പുതിയ ചെയര്മാന്.
യൂണിയനുകളുമായി മാസങ്ങൾ നീണ്ട തകര്‍ക്കങ്ങൾക്ക് ഒടുവിലാണ് കെഎസ്ഇബി ചെയര്‍മാര്‍ ബി അശോകിനെ മാറ്റിയത്. ചെയര്മാൻ പദവിയിൽ നാളെ ഒരുവര്‍ഷം തികയാൻ ഇരിക്കെ സ്ഥാനചലനം. ചുമതല ഏറ്റെടുത്തപ്പോൾ മുതൽ യൂണിയനുകളുമായി കനത്ത പോരിലായിരുന്നു ബി അശോക്. അസോസിയേഷന്റെ ഇടപെടലുകൾക്കെതിരെ കര്‍ശന നിലപാടുകളായിരുന്നു അദ്ദേഹം എടുത്തിരുന്നത്.
സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം സമരം നടന്നു. ഒടുവിൽ പ്രസിഡന്റ് എംജി സുരേഷ് കുമാറിനും ജനറൽ സെക്രട്ടറിക്കും എതിരായ നടപടിയിലേക്ക് കാര്യങ്ങളെത്തി. സിപിഎം നേതാക്കളിൽ നിന്ന് വരെ പരസ്യ വെല്ലുവിളി ഉണ്ടായി. മന്ത്രിയുടെ നിലപാട് പക്ഷെ ചെയര്‍മാനൊപ്പമായിരുന്നു. മെയ് മാസത്തിൽ നടന്ന സമവായ ചര്‍ച്ചകൾക്ക് ശേഷം പ്രത്യക്ഷ പ്രതിഷേധം അടങ്ങിയെങ്കിലും ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ധാരണയുടെ ഭാഗമായി ഉണ്ടായിരുന്നു.
അതേസമയം, ചെയർമാനെ മാറ്റിയത് സർക്കാരിന്റെ തീരുമാനമാണെന്നും പുതുതായി വരുന്ന ചെയർമാനിൽ പ്രതീക്ഷയുണ്ടെന്നും യൂണിയൻ നേതാവ് എംജി സുരേഷ് കുമാർ പ്രതികരിച്ചു. ചെയർമാനുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ ആ വ്യവസ്ഥകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.