വെസ്റ്റിൻഡീസിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജുവിന് ട്വന്റി20 ടീമിൽ ഇടം ലഭിച്ചില്ല. മുൻ ക്യാപ്റ്റൻ വിരാട് കൊഹ്ലിയും സ്ക്വാഡിലില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം മടങ്ങിയെത്തിയ കെ.എൽ രാഹുലിനെയും അശ്വിനും 18 അംഗ ടീമിലേയ്ക്ക് പരിഗണിച്ചു. ചാഹലിനും ബുമ്രയ്ക്കും ബി.സി.സി.ഐ വിശ്രമം അനുവദിച്ചു. അതേസമയം, രാഹുലിന്റെയും കുൽദീപ് യാദവിന്റെയും കാര്യം ഇവരുടെ ഫിറ്റ്നസ് കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനിക്കുകയെന്ന് ബി.സി.സി.ഐ അറിയിച്ചു. മൂന്ന് വിക്കറ്റ് കീപ്പർമാരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിഷഭ് പന്ത്, ഇഷാൻ കിഷൻ, ദിനേഷ് കാർത്തിക്ക് എന്നിവരാണ് ഇടം നേടിയത്.
അയർലൻഡിനെതിരെ മികച്ച പ്രകടനം നടത്തിയ ദീപക് ഹൂഡയും ടീമിലുണ്ട്. ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണു മധ്യനിരയിലെ ബാറ്റർമാർ. അഞ്ച് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക. ജൂലൈ 29ന് പരമ്പര തുടങ്ങും.ഇന്ത്യന്‍ ടീം – രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേഷ് കാർത്തിക്, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ആർ അശ്വിൻ, ബിഷ്ണോയ്, കുൽദീപ് യാദവ്, ഭുവനേശ്വര്‍ കുമാർ, ആവേഷ് ഖാൻ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.