ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് നാളെ അമേരിക്കയില്‍ ആരംഭിക്കും.പത്ത് മലയാളികളടക്കം ഇരുപത്തിരണ്ടംഗ ടീമിനെയാണ് അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിൽ ഇന്ത്യ അണിനിരത്തുന്നത് .ലോക അത്ലറ്റിക്സിലെ പ്രമുഖരെല്ലാം മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ഒളിംപിക് ചാംപ്യന്‍ നീരജ് ചോപ്രയാണ്.
ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന്റെ പതിനെട്ടാം പതിപ്പില്‍ മാറ്റുരയ്ക്കുന്നത് 192 രാജ്യങ്ങളിലെ 1972 താരങ്ങള്‍. രണ്ടായിരത്തില്‍ നടക്കേണ്ടിയിരുന്ന ചാംപ്യന്‍ഷിപ്പ് കൊവിഡ് കാരണം 2022ലേക്ക് മാറ്റുകയായിരുന്നു.
2017ലെ ലോക ചാംപ്യന്‍ ജര്‍മ്മനിയുടെ യൊഹാനസ് വെറ്റര്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയത് നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. സീസണില്‍ 89.94 മീറ്റര്‍ ദൂരമാണ് നീരജിന്റെ മികച്ച പ്രകടനം. ഈ മികവിലേക്ക് എത്തിയാല്‍ നീരജിന് മെഡലുറപ്പിക്കാം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സനാണ് സീസണില്‍ മികച്ച ദൂരത്തിനുടമ. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് നീരജ്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലേയിലും ലോംഗ്ജംപില് മലയാളിതാരം എം.ശ്രീശങ്കറിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. എം.പി. ജാബിര്‍, അമോജ് ജേക്കബ്, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനീസ്, അബ്ദുള്ള അബൂബക്കര്‍, എല്‍ദോസ് പോള്‍, രാജേഷ് രമേഷ്, മുഹമ്മദ് അനസ് എന്നിവരാണ് ടീമിലെ മറ്റ് മലയാളിതാരങ്ങള്‍. നോഹ, അമോജ്, അജ്മല്‍, രാജേഷ്, അനസ് എന്നിവര്‍ 400 മീറ്റര്‍ റിലേ ടീമിലെ അംഗങ്ങളാണ്. ജാബിര്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിലും അനീസ് ലോംഗ്ജംപിലും അബ്ദുള്ളയും എല്‍ദോസും ട്രിപ്പിള്ജംപിലുമാണ് മത്സരിക്കുക. ഈമാസം 24 വരെയാണ് ലോക ചാംപ്യന്‍ഷിപ്പ്.