മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി രണ്ടാം ഏകദിനത്തിലും കളിച്ചേക്കില്ലെന്ന് സൂചന. നാഭിയ്ക്ക് പരുക്കേറ്റ് ആദ്യ മത്സരത്തിൽ നിന്ന് വിട്ടുനിന്ന കോലി ഇതുവരെ പരിശീലനം പുനരാരംഭിച്ചിട്ടില്ല. കോലിയുടെ അഭാവത്തിൽ ശ്രേയാസ് അയ്യരാണ് ആദ്യ ഏകദിനത്തിൽ മൂന്നാം നമ്പരിലിറങ്ങിയത്. രണ്ടാം ഏകദിനത്തിൽ കോലി കളിച്ചില്ലെങ്കിൽ ശ്രേയാസ് തന്നെയാവും മൂന്നാം നമ്പറിൽ കളിക്കുക. അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയ്ക്ക് നേട്ടമായത്. മൂന്ന് സ്ഥാനങ്ങൾ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് രണ്ടാമതും (റേറ്റിംഗ് 712) പാക് പേസർ ഷഹീൻ അഫ്രീദി മൂന്നാമതും റേറ്റിംഗ് 681) നിൽക്കുന്നു.