ഇംഗ്ളണ്ടിനെതിരായ കഴിഞ്ഞ ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ബുംറ. കഴിഞ്ഞ ദിവസത്തെ പ്രകടനത്തോടെ പാകിസ്ഥാനെ പിന്തളളി ഇന്ത്യ ഏകദിനത്തിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ബൗളിംഗിൽ 718 പോയിന്റുമായാണ് ബുംറ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലാന്റ് പേസ് ബൗളർ ട്രെന്റ് ബോൾട്ട് 712 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. പാകിസ്ഥാന്റെ ഷഹീൻ അഫ്രീദി 681 പോയിന്റോടെ മൂന്നാമതാണ്. ആദ്യ പത്ത് ബൗളർമാരിൽ ആറുപേർ ഏഷ്യക്കാരാണ്. ഒന്നും മൂന്നും സ്ഥാനത്തുളളവർക്ക് പുറമേ അഞ്ചാമതുളള അഫ്ഗാൻ താരം മുജീബ് ഉർ റഹ്മാൻ, ആറാമത് മെഹിദി ഹസൻ, ഒൻപതാമത് മുഹമ്മദ് നബി, പത്താമത് റാഷിദ് ഖാൻ.
ബാറ്റിംഗിൽ ഒന്നാമത് പാക് നായകൻ ബാബർ അസമാണ്, രണ്ടാമൻ പാകിസ്ഥാന്റെ ഇമാം ഉൾ ഹക്കാണ്, 803 പോയിന്റുമായി കൊഹ്ലി മൂന്നാമതും 802 പോയിന്റുമായി രോഹിത് ശർമ്മ നാലാമതുമാണ്. എന്നാൽ ഓൾറൗണ്ടർമാരിൽ ഇന്ത്യൻ താരങ്ങളാരും ഇടം പിടിച്ചില്ല. ബംഗ്ളാദേശ് താരം ഷാക്കിബ് അൽ ഹസനാണ് 410 പോയിന്റുമായി ഒന്നാമത്. ടി20 റാങ്കിംഗിലും ഇന്ത്യൻ താരങ്ങൾ മുന്നിട്ട് നിൽക്കുന്നുണ്ട്. 44 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റർമാരിൽ സൂര്യകുമാർ യാദവ് അഞ്ചാം റാങ്കിലെത്തി. 818 പോയിന്റുമായി ബാബർ അസമാണ് ഒന്നാമത്. ബൗളിംഗിൽ ഓസീസ് താരം ഹേസൽവുഡ് ഒന്നാമതെത്തി. ഭുവനേശ്വർ കുമാർ എട്ടാം റാങ്കിലാണ്. ഇംഗ്ളണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ നേടിയ തകർപ്പൻ സെഞ്ചുറിയാണ് സൂര്യകുമാർ യാദവിന് റാങ്കിംഗ് മുന്നേറ്റത്തിന് കാരണമായത്.