കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാനെ 2018ൽ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ലോറൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി മറ്റൊരു ഗുണ്ടയായ സമ്പത്ത് നെഹ്റയെ ലോറൻസ് മുംബയിലേയ്ക്ക് അയച്ചിരുന്നു. എന്നാൽ ദൂരത്തിരുന്നു വെടിവയ്ക്കാൻ സാധിക്കുന്ന തോക്ക് കൈവശമില്ലാതിരുന്നതിനാൽ സമ്പത്തിന് കൃത്യം നിർവഹിക്കാൻ സാധിച്ചില്ല. പിന്നാലെ നാല് ലക്ഷം രൂപയ്ക്ക് ദൂരത്തിരുന്ന് വെടിവയ്ക്കാൻ സാധിക്കുന്ന തോക്ക് വാങ്ങി. എന്നാൽ 2018ൽ പൊലീസ് ഈ തോക്ക് പിടിച്ചെടുത്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നെന്നും ലോറൻസ് വെളിപ്പെടുത്തി.
കൃഷ്ണമൃഗ വേട്ടയാടൽ കേസ് വാദിക്കുന്ന സൽമാൻ ഖാന്റെ അഭിഭാഷകനായ ഹസ്തിമൽ സരസ്വത് തനിക്ക് ലോറൻസിന്റെ സംഘത്തിൽ നിന്ന് വധഭീഷണിയുണ്ടെന്ന് ജൂലായ് ആറിന് വെളിപ്പെടുത്തിയിരുന്നു. 1998ൽ സിനിമാ ചിത്രീകരണത്തിനിടെ രാജസ്ഥാനിലെ കങ്കണിയിൽ രണ്ട് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയെന്ന കേസിൽ സൽമാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018ൽ ജോധ്പൂർ കോടതി സൽമാന് അഞ്ച് വർഷത്ത ജയിൽശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് കേസിൽ സൽമാന് ജാമ്യം ലഭിച്ചിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചതിനും താരത്തിനെതിരെ കേസ് എടുത്തിരുന്നു.