കൊളംബോ: ശ്രീലങ്കയിൽ ക്രമസമാധാനം പുനസ്ഥാപിക്കാൻ നിർദേശവുമായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്ത് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപം നിയന്ത്രിക്കാൻ കൊളംബോ ഉൾപ്പെടെ പടിഞ്ഞാറൻ പ്രവിശ്യയിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രമസമാധാനം പുനസ്ഥാപിക്കാൻ ആവശ്യമായത് ചെയ്യാൻ സൈന്യത്തിനും പോലീസിനും നിർദേശം നൽകിയതായി ടെലിവിഷൻ പ്രസ്താവനയിൽ പ്രധാനമന്ത്രി പറഞ്ഞു. ഇടക്കാല പ്രസിഡന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ തന്നെ തടയാൻ പ്രക്ഷോഭകർ ആഗ്രഹിക്കുന്നു. ഫാസിസ്റ്റുകളെ അഴിഞ്ഞാടാൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഗോത്താബയ രജപക്സെ രാജിവയ്ക്കാതെ രാജ്യം വിട്ടതോടെ ലങ്കയിൽ കലാപം രൂക്ഷമാകുകയാണ് ചെയ്തത്. ഇടക്കാല പ്രസിഡന്റായ റെനിൽ വിക്രമസിംഗെയുടെ ഓഫീസും ജനം കൈയേറി. പലയിടത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിവിധ സ്ഥലങ്ങളിൽ പോലീസും ജനങ്ങളും നേരിട്ട് ഏറ്റുമുട്ടി. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് സൂചന.
സർക്കാർ ഉടമസ്ഥതയിലുള്ള രൂപവാഹിനി ചാനൽ ആസ്ഥാനത്ത് പ്രക്ഷോഭകർ അതിക്രമിച്ച് കടന്നതോടെ പ്രധാന ലങ്കൻ ചാനലുകൾ സംപ്രേക്ഷണം നിർത്തി. ഇതിനിടെ, സംഘർഷം നിയന്ത്രിക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചു.