ആറ്റിങ്ങലില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവുമായി സർക്കാർ. ഹൈക്കോടതി ഉത്തരവിറങ്ങി ആറ് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ്.നഷ്ടപരിഹാരമായി ഒന്നര ലക്ഷം രൂപ നൽകണമെന്ന കോടതി ഉത്തരവിൽ ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് ഈടാക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. കോടതി ചിലവായ 25,000 രൂപയും രജിതയില്‍ നിന്ന് ഈടാക്കും.
തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷണം പോയെന്നാരോപിച്ചാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥ സി പി രജിത പരസ്യമായി വിചാരണ ചെയ്തത്. നേരത്തെ നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സര്‍ക്കാരിന് ബാധ്യതയേല്ക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. പോലീസ് ഉദ്യോഗസ്ഥ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും ഇത് ഉദ്യോഗസ്ഥയുടെ മാത്രം കുറ്റമാണെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. ഇത് പുതിയ ഉത്തരവിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ നീക്കം.