ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനകീയ പ്രതിഷേധം കൂടുതൽ ശക്തമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിട്ടത്. സംഘർഷ മേഖലകളിൽ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊളംബോയിൽ വീണ്ടും ജനകീയ പ്രക്ഷോഭം പടരുകയാണ്. പ്രസിഡന്റ് ഗൊതബയ രജപക്സെ രാജിവെയ്ക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്.രാജി പ്രഖ്യാപിക്കാതെ ഗൊതബയ രജപക്സെ രാജ്യം വിടുകയായിരുന്നു.ഗൊതബയ രജപക്സെ രാജ്യം വിട്ടതോടെ രോക്ഷാകുലരായ ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.
ജനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞിട്ടുണ്ട്. സൈന്യം ഓഫീസിന് ചുറ്റും സുരക്ഷാ വലയം തീർത്തു. പതിനായിരക്കണക്കിന് ആളുകൾ ഓഫീസിന് മുന്നിൽ തടിച്ചു കൂടി. രാജിയല്ലാതെ മറ്റൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാർ അറിയിച്ചത്.
പ്രത്യേക സൈനിക വിമാനത്തിലാണ് ഗൊതബയയും കുടുംബവും രാജ്യം വിട്ടത്. ഇന്ന് രാജി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രജപക്സെ സഹോദരങ്ങളുടെ അനാസ്ഥയാണ് ശ്രീലങ്കയിലെ സ്ഥിതി ഇത്രയും വഷളാക്കിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.