രാജ്യത്തെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ കൂറ്റന്‍ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും ശക്തമാകുകയാണ്. ഇതുവരെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നവയില്‍ വച്ച് ഏറ്റവും വലിയ അശോകസ്തംഭമാണ് ഇത്. പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച, 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ള അശോകസ്തംഭത്തിന് 9,500 കിലോയാണ് ഭാരം. ഏകദേശം ഒമ്പത് മാസം സമയമെടുത്താണ് അശോക സ്തംഭം നിർമിച്ചത്.
അശോകസ്തംഭത്തിന്റെ രൂപരേഖയില്‍ കൃത്രിമം നടന്നതായുള്ള ആരോപണം ഇന്ത്യന്‍ നാഷണല്‍ എംബ്ലം ദുരുപയോഗം തടയല്‍ ആക്ട് 2005 മായി ബന്ധപ്പെട്ടിരിക്കുന്നു. പിന്നീട് ഈ നിയമം 2007ല്‍ ഭേദഗതി ചെയ്യപ്പെട്ടു. ഇന്ത്യയുടെ ദേശീയ ചിഹ്നം ഉത്തര്‍പ്രദേശിലെ സാരനാഥിലെ അശോകചക്രവര്‍ത്തി സ്ഥാപിച്ച അശോക സ്തംഭത്തില്‍ നിന്നും പകര്‍ത്തിയെടുത്തിട്ടുളളതാണെന്ന് നിയമത്തില്‍ പറഞ്ഞിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളുടെ രൂപകല്പനയില്‍ സര്‍ക്കാരിന് മാറ്റം വരുത്താമെന്നും നിയമത്തിലെ സെക്ഷനില്‍ 6(2)(എഫ്) പരാമര്‍ശിക്കുന്നു. ആവശ്യമെന്നു തോന്നുന്ന എല്ലാ മാറ്റങ്ങളും ചിഹ്നത്തില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് സെക്ഷനില്‍ പറഞ്ഞിട്ടുണ്ട്. ദേശീയ ചിഹ്നങ്ങളുടെ രൂപകല്പനയിലെ മാറ്റവും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, നിയമപ്രകാരം ഡിസൈന്‍ മാത്രമേ മാറ്റാന്‍ കഴിയൂ, ഒരിക്കലും മുഴുവനായും ദേശീയ ചിഹ്നം മാറ്റാന്‍ കഴിയില്ല.സര്‍ക്കാരിന് ഡിസൈന്‍ മാറ്റാം, എന്നാല്‍ ദേശീയ ചിഹ്നം മുഴുവനായും മാറ്റാന്‍ കഴിയില്ല. എന്നാല്‍, രാജ്യത്തിന്റെ ഭരണഘടന പോലെ, സര്‍ക്കാരിന് കാലാകാലങ്ങളില്‍ ഏത് നിയമത്തിലും മാറ്റം വരുത്താം, അവ ഭേദഗതി ചെയ്യാം.
ആറ് പ്രധാന സംഭാവനകളിൽ ഒന്നാണ് അശോകസ്തംഭം
അശോകന്റെ ഭരണകാലത്തെ കലാപ്രസ്ഥാനം നല്കിയിട്ടുള്ള ആറ് പ്രധാന സംഭാവനകളിൽ ഒന്നാണ് അശോകസ്തംഭം.അസ്തിവാരമുണ്ടെന്ന സൂചനയില്ലാതെ ഭൂമിയിൽ നിന്നും നേരെ പൊന്തി പനയുടെ ആകൃതിയിൽ ക്രമേണ കൂർത്തുവരുന്ന ഒരു ഉരുണ്ട തൂണാണ് അശോകസ്തംഭം. സാധാരണയായി ഇതിന് 9 മീ. മുതൽ 12 മീ. വരെ ഉയരം ഉണ്ടായിരിക്കും. യാതൊരു അലങ്കാരപ്പണികളുമില്ലാതെ മിനുസമായിട്ടാണ് സ്തംഭം പണി ചെയ്തിരിക്കുന്നത്. ഈ സ്തംഭത്തിന്റെ അഗ്രഭാഗത്തിനു മണിയുടെ ആകൃതിയും .056 ച.മീ. വിസ്താരവുമുണ്ട്. ഇവിടെയാണ് ബൗദ്ധചിഹ്നം സ്ഥാപിച്ചിട്ടുള്ളത്. സിംഹപ്രതിമകളോ വൃഷഭപ്രതിമകളോ താങ്ങിനില്ക്കുന്ന അശോകചക്രം ഇവിടെ കാണാം. സ്തംഭാഗ്രത്തിനു ചുറ്റും നീണ്ട ഇതളുകൾപോലുള്ള ചിത്രപ്പണികളുണ്ട്. സ്തംഭത്തിന് 15 മീറ്ററോളം ഉയരവും 50 മെ. ടൺ തൂക്കവും വരും.
സ്തംഭം ഒറ്റക്കല്ലിലും സ്തംഭശീർഷം മറ്റൊരു കല്ലിലുമായി പണിതു ചേർത്തിരിക്കുന്നു. ചെമ്പുകൊണ്ടുള്ള ഒരു അച്ചാണി സ്ഥൂണാഗ്രത്തിലൂടെ പ്രത്യേക സമ്പ്രദായത്തിൽ തുളച്ചു കടത്തിയാണ് രണ്ടു ഭാഗവും തമ്മിൽ ചേർത്തുവച്ചിരിക്കുന്നത്. റാംപൂർവിലുണ്ടായിരുന്ന സ്തംഭത്തിൽനിന്നും കിട്ടിയിട്ടുള്ള ഒരു അച്ചാണി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 60 സെ.മീ. നീളമുള്ള ഇതിനു ദീർഘഗോളാകൃതിയാണ്. ഇരുമ്പോ മറ്റു ലോഹങ്ങളോ ഉപയോഗിച്ചാലുണ്ടാകുന്ന നാശത്തെപ്പറ്റി ബോധവാൻമാരായിരുന്നു അന്നത്തെ വാസ്തുവിദ്യാവിദഗ്ദ്ധർ എന്ന് ഇതുകൊണ്ട് മനസ്സിലാക്കാം. നന്ദൻഗാറിലെ അശോകസ്തംഭത്തിന്റെ മുകൾഭാഗം ഒഴികെ മിക്കവാറും എല്ലാംതന്നെ ഒരേ രീതിയിലാണ് നിർമിച്ചിട്ടുള്ളത്; നന്ദൻനഗറിലെ സ്തംഭാഗ്രം അല്പം കുറുകിയ രീതിയിലാണ്. തന്നെയുമല്ല അതിന്റെ ശീർഷശില്പവും മറ്റുള്ളവയിൽനിന്നു വ്യത്യസ്തമാണ്.
പരീക്ഷണാർഥം ആദ്യം നിർമിച്ചതായിരിക്കണം ഇതെന്ന് അനുമാനിക്കാം. മണിയുടെ ആകൃതിയിലുള്ള സ്തംഭാഗ്രം പ്രതിരൂപാത്മകമാണ്. ഹൈന്ദവക്ഷേത്രങ്ങളിലെ അലങ്കാരപ്പണികളിൽ ഈ ആകൃതി ധാരാളമായി ഉപയോഗിച്ചു കാണുന്നുണ്ട്. പക്ഷേ, മണിയുടെ പുറമേയുള്ള ചാലിട്ടപണി പേർഷ്യൻ രീതിയുടെയോ ഗ്രീക് രീതിയുടെയോ അനുകരണമായിരിക്കണം. അർടാക്സെർക്സസ് II-ആമന്റെ (ബി.സി. 404-358) കൊട്ടാരത്തിലെ പണികളിലും മറ്റും ഇതു ധാരാളം കാണുന്നുണ്ട്. സ്തംഭാഗ്രത്തിന്റെ മുകളിൽ വൃത്താകൃതിയിലുള്ള പണിയുടെ വീതിയുള്ള ചുറ്റുവശങ്ങളിൽ പ്രത്യേക രീതിയിലുള്ള അലങ്കാരപ്പണികൾകൊണ്ടു നിറച്ചിരിക്കയാണ്. ഹംസം, ലതകൾ, പന മുതലായവയാണ് കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. അശോകസ്തംഭത്തിന്റെ കലാപരമായ മേന്മ മുഴുവൻ പ്രദർശിപ്പിച്ചിട്ടുള്ളത് സ്തംഭാഗ്രത്തിൻമേലും അതിൽ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമയിലുമാണ്. സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മൃഗപ്രതിമകൾ എല്ലാം തന്നെ പുരാണേതിഹാസങ്ങളിലെ ആശയങ്ങളോടു ബന്ധപ്പെട്ടവയാണ്. ഈ മൃഗങ്ങൾ പ്രപഞ്ചത്തിന്റെ ചതുർദിശകളെ പ്രതിരൂപാത്മകമായി പ്രതിനിധാനം ചെയ്യുന്നു. ആന കിഴക്കു ദിക്കിന്റെയും കുതിര തെക്കേ ദിക്കിന്റെയും വൃഷഭം (റാംപൂർവസ്തംഭം) പടിഞ്ഞാറേ ദിക്കിന്റെയും സിംഹം (നന്ദൻഗാറിലെ സ്തംഭം) വടക്കു ദിക്കിന്റെയും പാലകരായി നിലകൊള്ളുന്നു. സാരനാഥിലുള്ള സ്തംഭത്തിന്റെ അബാക്കസ്പണിയിൽ ഈ നാലു മൃഗങ്ങളെയും കൊത്തിവച്ചിട്ടുണ്ട്. സ്തംഭാഗ്രത്തിൽ സ്ഥാപിച്ചിട്ടുള്ള നാലു സിംഹപ്രതിമകൾ ലോഹംകൊണ്ടു തീർത്ത വലിയ അശോകചക്രത്തെ ചുമലിൽ ഏറ്റിയ നിലയിലാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ ഈ അശോകചക്രം ഇപ്പോൾ എടുത്തു മാറ്റപ്പെട്ടതുകൊണ്ട് സിംഹങ്ങളുടെ രൂപഭദ്രതയ്ക്ക് അല്പം ഉടവുപറ്റിയിട്ടുണ്ട്. സാരനാഥിലുള്ള ഇത് ബി.സി. 250-ലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ അശോകചക്രം ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ നിർദ്ദേശപ്രകാരം ഇന്ത്യയുടെ ദേശീയ പതാകാചിഹ്നമായും ഇതിന്റെ സ്തംഭാഗ്രം ഇന്ത്യയുടെ ദേശീയ ചിഹ്നമായും സ്വീകരിച്ചിരിക്കുന്നു.
അശോകസ്തംഭങ്ങളിൽ കൊത്തിവച്ചിട്ടുള്ള രൂപങ്ങൾ യഥാതഥങ്ങളാണ്. സാരനാഥിലെ സ്തംഭത്തിലെ സിംഹങ്ങളും റാംപൂർവസ്തംഭത്തിലെ വൃഷഭവും അതിമനോഹരങ്ങളാണ്. യഥാതഥ സങ്കേതമുപയോഗിക്കുന്ന കലയുടെ ഉത്തമമാതൃകകളായി ഇവ കണക്കാക്കപ്പെടുന്നു. അശോകസ്തംഭങ്ങളുടെ തിളക്കംമൂലം അവ ലോഹനിർമിതങ്ങളായിട്ടാണ് തോന്നുന്നത്. കൊത്തുപണി, അലങ്കാരപ്പണി, രൂപമാതൃകകൾ എന്നിവയുടെ സൗന്ദര്യപൂർണത അശോകസ്തംഭങ്ങളിൽ കാണാവുന്നതാണ്.
2005 ലെ ഇന്ത്യന്‍ നാഷണല്‍ എംബ്ലം (ദുരുപയോഗം തടയല്‍) നിയമത്തില്‍ അത്തരം മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയാന്‍ കഴിയുന്ന ഒരു വ്യവസ്ഥയും ഇല്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിയമം ഭേദഗതി ചെയ്ത് ഇരുസഭകളും പാസാക്കുന്നതിലൂടെ ദേശീയ ചിഹ്നം മുഴുവനായും മാറ്റാനാകും.