ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്സെ ഭാര്യയ്ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒപ്പം സൈനിക വിമാനത്തില്‍ നിന്നും രാജ്യം വിട്ടതായി ശ്രീലങ്കന്‍ വ്യോമസേനയുടെ സ്ഥിരീകരണം . ഗൊതബയ രജപക്സെ ഇന്ന് ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മാലദ്വീപില്‍ എത്തിയ രജപക്സെ പോലീസ് അകമ്പടിയോടെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായി മാലിദ്വീപ് അധികൃതര്‍ വെളിപ്പെടുത്തി.പ്രസിഡന്റ് ഗൊതബയ രജപക്സെ ഉടന്‍ ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
ഗൊതബയ രജപക്സെക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യ സൗകര്യമൊരുക്കിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നിഷേധിച്ചു.ചൊവ്വാഴ്ച ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ഗൊതബയയെ വിമാനത്താവളത്തില്‍ ഉദ്യേഗസ്ഥര്‍ തടഞ്ഞുവെച്ചിരുന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വി.ഐ.പി. ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണക്കാരുടെ ക്യൂ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. ഇത്തരത്തില്‍ യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറികൂടാനുള്ള രജപക്സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു.