ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. ക്യാപ്റ്റൻ രോഹിത് ശർമ (76 നോട്ടൗട്ട്) ഇന്ത്യയുടെ ടോപ്പ് സ്കോററായപ്പോൾ ശിഖർ ധവാനും (31) തിളങ്ങി. ഈ മത്സരത്തോടെ രോഹിത് ഏകദിനത്തിൽ 250 സിക്സറുകളെന്ന നേട്ടം പിന്നിട്ടു.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റ് വീശിയത്. 49 പന്തുകളിൽ രോഹിത് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച രോഹിത് ഇന്ത്യൻ വിജയം നേരത്തെയാക്കി. 58 പന്തുകളിൽ 6 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതമാണ് രോഹിത് 76 റൺസ് തികച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 25.2 ഓവറിൽ 110 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ബട്ലർ ഉൾപ്പെടെ ആകെ 4 പേർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഇരട്ടയക്കം കടന്നത്. 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുടെ സ്പെൽ ഇംഗ്ലണ്ടിനെ തകർത്തെറിയുകയായിരുന്നു.
ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ലോർഡ്സിൽ വ്യാഴാഴ്ച നടക്കും.