കൊച്ചി: എറണാകുളത്ത് ഭർതൃ വീട്ടിൽ ജാതി വിവേചനത്തെയും സ്ത്രീധന പീഡനത്തെയും തുടർന്ന് 22 കാരി മരിച്ച കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. മരിച്ച സംഗീതയുടെ ഭർതൃമാതാവ് രമണിയെയും ഭർതൃസഹോദരന്റെ ഭാര്യ മനീഷയെയുമാണ് കസ്റ്റഡിയിലെടുത്ത്.
സംഗീതയുടെ ഭർത്താവ് സുമേഷ് ഒളിവിലാണ്. ജൂൺ ഒന്നിനാണ് സംഗീതയെ ഹൈക്കോടതിക്ക് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഗീതയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ഭർത്താവ് സുമേഷിന്റെ വീട്ടിൽ സംഗീതയെ ജാതി പറഞ്ഞ് അപമാനിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
സുമേഷും സംഗീതയും പ്രണയത്തിലായിരുന്നു. അവൻ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു. സുമേഷ് ഉയർന്ന ജാതിയിലും അവൾ താഴ്ന്ന ജാതിയിലുമായത് വലിയ പ്രശ്നമായി. കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. സ്ത്രീധനമായിട്ട് നൽകാൻ തങ്ങളുടെ കൈവശം ഒന്നുമില്ലായിരുന്നു. വിവാഹം കഴിഞ്ഞ് അവന്റെ വീട്ടിലെത്തിയപ്പോൾ അമ്മയും ചേട്ടത്തിയമ്മയും അറപ്പോടെയാണ് അവളോട് പെരുമാറിയത്.
എല്ലാത്തിനും കാരണം അവളുടെ ജാതിയായിരുന്നു. സ്ത്രീധനം കൊണ്ടുവരാത്തതുകൊണ്ട് കസേരയിൽ പോലും ഇരിക്കാൻ സമ്മതിച്ചിരുന്നില്ല. അവൾക്ക് ഭക്ഷണം കഴിക്കാൻ പ്രത്യേക പാത്രം നൽകിയിരുന്നു. ഗർഭിണിയായപ്പോഴും കുഞ്ഞ് മരിച്ചപ്പോഴും വല്ലാത്ത ക്രൂരതയാണ് സംഗീത നേരിട്ടത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിൽ കയറ്റാൻ പോലും സമ്മതിച്ചില്ല. ഈ കുടുംബത്തിൽ ആദ്യമായി ഉണ്ടാകുന്ന കുഞ്ഞ് താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീയിൽ ആയപ്പോ എന്നായിരുന്നു സുമേഷിന്റെ അമ്മ പറഞ്ഞതെന്ന് ബന്ധുക്കൾ പറഞ്ഞു.