കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്കെതിരായ കേസിൽ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2018ൽ നടന്ന സംഭവത്തിൽ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തത് അത്ഭുതകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പി.എം.ആര്‍ഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്തു. അന്വേഷണം പൂർത്തിയാക്കാത്ത ഘട്ടത്തിൽ പ്രതിക്ക് യാതൊരു ആനുകൂല്യവും നൽകാനാകില്ലെന്ന് കോടതി വിമർശിച്ചു.
ജസ്റ്റിസ് വിജു അബ്രഹാമിന്റെ ബെഞ്ചാണ് ആർഷോയ്ക്ക് ജാമ്യം നിഷേധിച്ചത്. 2018 ൽ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലാണ് ആർഷോ കസ്റ്റഡിയിലുള്ളത്. നേരത്തെ ആർഷോക്ക് ജാമ്യം നൽകിയിരുന്നുവെങ്കിലും നിബന്ധനകൾ ലംഘിച്ചതിനാൽ റദ്ദാക്കുകയായിരുന്നു.
ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ചതിനെത്തുടർന്നാണ് ആർഷോയ്ക്കെതിരെ വധശ്രമത്തിനു കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു ജാമ്യം നിഷേധിച്ചു. പിന്നീടു കർശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ പരാതിക്കാരൻ പ്രതിക്കെതിരായി കൂടുതൽ കേസുകളുള്ള വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. പ്രതി ജാമ്യത്തിലിറങ്ങി കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നെന്നും ചൂണ്ടിക്കാട്ടി.
തുടർന്നാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരിക്കെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. പിന്നീട് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായില്ല. ഇതിനിടെ പരാതി ഉയർന്നപ്പോൾ പ്രതി ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.