പാലക്കാട്: റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിലാണ് ഗതാഗത തടസമുണ്ടായത്. ഒറ്റപ്പാലം മാന്നന്നൂരില്‍ മേല്‍പ്പാല നിര്‍മാണത്തിനു കൊണ്ടുവന്ന ക്രെയിനാണ് ട്രാക്കില്‍ കുടുങ്ങിയത്.
എറണാകുളത്തുനിന്നും സാങ്കേതിക വിദഗ്ധരെത്തി ക്രെയിൻ പാളത്തിൽനിന്നും മാറ്റി. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
നേരത്തെ സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മാന്നന്നൂരില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തുകൂടി ട്രെയിനുകള്‍ വൈകി ഓടുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രെയിന്‍ എത്തിച്ചിരുന്നത്. ഉച്ചയോടെയാണ് ക്രെയിന്‍ കുടുങ്ങിയത്. ഇത് ആറോളം ട്രെയിനുകളുടെ സമയക്രമത്തെ ബാധിച്ചിരുന്നു. ക്രെയിന്‍ കുടുങ്ങിയതിന് പിന്നാലെ എറണാകുളത്തുനിന്ന് ടെക്നീഷ്യന് എത്തുകയും നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനായത്.