തിരുവനന്തപുരം: ജയില്‍ ചാടാന്‍ ശ്രമിച്ച തടവുപുള്ളി മരത്തില്‍ കുടുങ്ങി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. കൊലക്കേസിലെ പ്രതിയായ സുഭാഷ് എന്ന തടവുപുള്ളിയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. രണ്ട് മണിക്കൂറോളം നീണ്ട നാടകീയതയ്ക്കൊടുവില്‍ മരത്തിലെ ശിഖരമൊടിഞ്ഞ് സുഭാഷ് താഴെ വിരിച്ചിരുന്ന വലയിലേക്ക് വീണു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മരത്തിന്റെ ചുവട്ടിൽ വിരിച്ചുപിടിച്ച വലയിലേക്ക് വീഴ്ത്തിയാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജയില്‍ വകുപ്പുദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി.
ആദ്യം ഇയാള്‍ ജയില്‍ വളപ്പില്‍നിന്ന് ഓടി പുറത്ത് കടക്കാന്‍ ശ്രമിച്ചു. ഇത് ജയിലിലെ പോലീസുദ്യോഗസ്ഥര്‍ കണ്ടു. ഇയാളെ പിന്തുടര്ന്ന് പിടിക്കാന്‍ ശ്രമിക്കവേ ഇയാള്‍ മതില് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിടിയിലാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജയില്‍ വളപ്പിന് സമീപമുള്ള മരത്തിലേക്ക് കയറുകയായിരുന്നു.
അനുനയിപ്പിച്ച് താഴെയിറക്കാൻ ആദ്യം ശ്രമിച്ചെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നീട് മൂന്ന് ഫയർഫോഴ്സ ഉദ്യോഗസ്ഥർ മരത്തിനു മുകളിലേക്ക് കയറി. ഉദ്യോഗസ്ഥർ അടുത്തെത്തുമ്പോൾ സുഭാഷ് കൂടുതൽ ഉയരത്തിലേക്ക് കയറി. ഏറ്റവും തുഞ്ചത്ത് എത്തിയതോടെ കൊമ്പ് ഒടിഞ്ഞ് സുഭാഷ് തഴേയ്ക്കു വീഴുകയായിരുന്നു.
മരത്തിനു ചുവട്ടിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിരിച്ചുപിടിച്ച വലയിലേക്കാണ് വീണത്. ഉടനെ ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നയാളാണ് സുഭാഷ്.
നെട്ടുകാല്‍തേരി തുറന്ന ജയിലിലെ തടവുകാരനായിരുന്നു സുഭാഷ്. ഒരുമാസം മുമ്പാണ് ഇയാളെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണ് സുഭാഷെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏഴ്മാസം മുമ്പ് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആളാണ്. ജഡ്ജിയെ നേരില്‍ കണ്ട് ജയില്‍ മോചിതനാകണം എന്നാണ് ഇയാളുടെ ആവശ്യം. ജഡ്ജി നേരിട്ട് വന്ന് ജാമ്യം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ താഴെയിറങ്ങുവെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.