ഇന്ത്യയിൽ ഇടിമിന്നൽ തീർത്തത് ക്രിസ് ഹെംസ്വർത്തിന്റെ ‘തോർ: ലവ് ആൻഡ് തണ്ടർ’. ഓസ്കാർ ജേതാവ് ടൈക വൈറ്റിറ്റിയുടെ ചിത്രം 5 ദിവസം കൊണ്ട് ഇന്ത്യൻ സ്ക്രീനിൽ നേടിയത് 73.30 കോടി രൂപ. ചിത്രം 100 കോടി സുഖമായി കടക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ 130 കോടി നേടിയ ‘ഡോക്ടർ സ്ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്സ് ഓഫ് മാഡ്നസിന്’ ശേഷം മാർവലിൽ നിന്ന് ഈ വർഷത്തെ മറ്റൊരു ഹിറ്റായി മാറുകയാണ് ലവ് ആൻഡ് തണ്ടർ.
സൂപ്പർ ഹീറോ ചിത്രം ജൂലൈ 7 നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. ക്രിസ് ഹെംസ്വർത്ത്, ക്രിസ്റ്റ്യൻ ബെയ്ൽ, നതാലി പോർട്ട്മാൻ, ടെസ്സ തോംസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 5 ദിവസം പിന്നീടുമ്പോൾ ആഗോളതലത്തിൽ ചിത്രം 300 മില്യൺ ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇതുവരെ 73.30 കോടി രൂപ. ആദ്യ ദിനം 24 കോടി രൂപയാണ് ചിത്രം നേടിയത്. റിലീസ് ദിനം ഒരു ഹോളിവുഡ് സിനിമ നേടുന്ന ഏറ്റവും വലിയ അഞ്ചാമത്തെ കളക്ഷൻ കൂടിയാണിത്.