2023ല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ചൈനയെ മറികടന്ന് ആണ് ഇന്ത്യ മുന്നിലെത്തുക.ഇന്ത്യ, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, ടാന്‍സാനിയ എന്നിവ കേന്ദ്രീകരിച്ചാകും 2050 വരെ ആഗോള ജനസംഖ്യയില്‍ പ്രകടമാകുന്ന വര്‍ധനവില്‍ പകുതിയും.
കോവിഡ് കാരണം ആഗോള ആയുര്‍ദൈര്‍ഘ്യം 2019 ല്‍ 72.8 ല്‍ നിന്ന് 2021 ല്‍ 71 വര്‍ഷമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു.2022-ല്‍, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍ ഏഷ്യയിലായിരുന്നു. 2.3 ബില്യണ്‍ ആളുകളുള്ള കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യ (ആഗോള ജനസംഖ്യയുടെ 29%, മധ്യ- തെക്കന്‍ ഏഷ്യ 2.1 ബില്യണ്‍ (26%). 1.4 ബില്യണിലധികം വീതമുള്ള ചൈനയും ഇന്ത്യയുമാണ് ഈ രണ്ട് പ്രദേശങ്ങളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും.
താഴ്ന്ന വരുമാനമുള്ളതും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവ് തുടരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. യുഎന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്, പോപ്പുലേഷന്‍ ഡിവിഷന്, ദ് വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022 എന്ന പേരിലാണ് റിപ്പോര്‍ട്ട്.
65 വയസും അതിനുമുകളിലും പ്രായമുള്ള ആഗോള ജനസംഖ്യയുടെ പങ്ക് 2022 10% ആണ്. ഇത് 2050 ല്‍ 16 ശതമാനമായി ഉയരും.
2050ഓടെ ലോകമെമ്പാടുമുള്ള 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആളുകളുടെ എണ്ണം 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെയായി മാറും. ഇത് 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിന് തുല്യവും ആയിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.