അട്ടപ്പാടി: എച്ച്.ആര്.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഷോളയൂര്‍ പോലീസാണ് രാത്രി എട്ടരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചുപോരുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന് നികിത് കൃഷ്ണന് പറഞ്ഞു. ഇന്ന് രാവിലെയാണ് അജി കൃഷ്ണന് വിദേശത്ത് നിന്നുമെത്തിയത്.
ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് കേസ്. സ്ഥലത്തു മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയ്യറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ്.
സ്വപ്ന സുരേഷിന് ജോലി നല്‍കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ സ്ഥാപനമാണ് എച്ച്.ആര്.ഡി.എസ്.