തൃശൂർ: തൃശൂർ പൂരത്തിന് തിടമ്പേറ്റുന്ന കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചെരിഞ്ഞു. 58 വയസായിരുന്നു. അല്പസമയം മുൻപ് പാറമേക്കാവിൻ്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. ശരീര തളർച്ചയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കാലിൽ നീർക്കെട്ടിനെ തുടർന്ന് കടുത്ത വേദന അനുഭവിക്കുകയായിരുന്നു പാറമേക്കാവ് പത്മനാഭൻ.
കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞുവീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.
പാറമേക്കാവ് വിഭാഗത്തിന്റെ പകൽപ്പൂരത്തിന് കുടമാറ്റമുൾപ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരിൽ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു.
15 വർഷമായി പാറമേക്കാവിന്റെ തിടമ്പേറ്റുന്നത് പത്മനാഭനാണ്. 2006ലാണ് പത്മനാഭൻ പാറമേക്കാവ് ദേവസ്വത്തിന്റെ സ്വന്തമായത്. കഴിഞ്ഞ പൂരത്തിനും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു.
ബിഹാറിൽനിന്ന് കേരളത്തിൽ എത്തിയ ആനകളുടെ കൂട്ടത്തിൽ ഉള്ളതാണ് ഈ ഗജകേസരി. ചൊവ്വാഴ്ച പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിനു ശേഷം കോടനാട് സംസ്കരിക്കും