തൃശൂര്‍: മുന്‍ ഡി.ജി.പി ആര് ശ്രീലേഖക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫ് ആണ് പരാതി നൽകിയത്. തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് പരാതി കൈമാറി. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് യൂ ട്യൂബ് ചാനലില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ആര്.ശ്രീലേഖ യൂ ട്യൂബ് ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനി നിരന്തര പീഡകനാണെന്ന് അറിഞ്ഞിട്ടും പൊലീസ് ഓഫീസര്‍ എന്ന നിലയിൽ ശ്രീലേഖ എന്തുകൊണ്ട് നടപടി എടുത്തില്ലെന്ന് പരാതിയില്‍ ചോദിക്കുന്നു. ശ്രീലേഖ കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നു. പള്‍സര്‍ സുനിക്കെതിരെ നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കില്ലായിരുന്നുവെന്നും കുസുമം ജോസഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിലെ നിരവധി പേരെ പൾസർ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനൽ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല? സുനിക്കെതിരെ കേസെടുത്തിയിരുന്നെങ്കിൽ പല കുറ്റങ്ങളും തടയാമായിരുന്നു. ഒരു സ്ത്രീയെന്ന ഇടപെടൽ പോലും ഇവർ നടത്തിയില്ല. മുൻ ജയിൽ ഡിജിപി ചെയ്തത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ആർ ശ്രീലേഖ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുൻ ഡിജിപി പറഞ്ഞു. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സർ സുനിക്കൊപ്പം ദിലീപ് നില്ക്കുന്ന ചിത്രം വ്യാജമാണെന്നും ശ്രീലേഖ ആരോപിച്ചു. കേസില്‍ പൊലീസിന് സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചിൽ.