ന്യൂഡൽഹി: കാളിയെ അധിക്ഷേപിക്കുന്ന തരത്തിലുളള പോസ്റ്റർ പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായക ലീന മണിമേഖലയ്ക്ക് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. കേസിന്റെ വാദം ഓഗസ്റ്റ് ആറിന് കേൾക്കും.
ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിച്ചതിന് ലീന മണിമേഖലയ്ക്കെതിരെ ഡൽഹിയിലും യുപിയിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തുന്നതും ധാർമ്മികതയ്ക്കും മര്യാദയ്ക്കും എതിരാണെന്നാണ് ഹർജിക്കാരൻ പറയുന്നത്.
ലീനാ മണിമേഖല സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി പോസ്റ്ററിൽ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണിച്ചാണ് അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
സംഭവം വിവാദമായതോടെ ഇത് കാനഡയിലെ ടൊറന്റോയിലെ തെരുവുകളിൽ അലഞ്ഞുനടക്കുന്ന ഒരു സ്ത്രീയെക്കുറിച്ചാണ് ഡോക്യുമെന്ററിയെന്ന് ന്യായീകരിച്ചുകൊണ്ട് മണിമേഖല രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരിക്കുകയാണ്.