തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ച് പോലീസ്. സ്ഫോടകവസ്തുക്കൾ നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ അന്വേഷണ സംഘം മോട്ടോർവാഹനവകുപ്പിൽ നിന്നും ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിനായി ഒരു സിഐയുടെയും എസ്ഐയുടെയും നേതൃത്വത്തിൽ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തി.
അക്രമി എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയിട്ടായിരുന്നു. വാഹനത്തിന്റെ നന്പരൊ അക്രമിയുടെ മുഖമൊ വ്യക്തമാകാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ ദൃശ്യങ്ങൾക്ക് കുടുതൽ വ്യക്തത ലഭിക്കാനായി അന്വേഷണം സംഘം സിസിടിവി കാമറ ദൃശ്യങ്ങൾ സി -ഡാക്കിന് കൈമാറിയിരുന്നു.
അൻപതിൽപരം സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാനായിരുന്നില്ല. അതിനാലാണ് സി-ഡാക്കിന്റെ സഹായം തേടിയത്. എകെജി സെന്ററിന് നേരെ അക്രമം നടന്ന് പതിമൂന്ന് ദിവസം ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് ഏറെ നാണക്കേടായി മാറിയ സാഹചര്യത്തിലാണ് പ്രതിയെ പിടികൂടാൻ പുതുവഴികൾ പോലീസ് സംഘം തേടുന്നത്.