കൊച്ചി: സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്നാവർത്തിച്ച് സർക്കാർ. ഹൈക്കോടതിയിൽ ആണ് സർക്കാർ നിലപാട് ആവർത്തിച്ചത്. സ്വപ്ന ഗൂഢാലോചന നടത്തിയത് സ്ഥിരീകരിക്കുന്ന തെളിവുകളുണ്ടന്നും സർക്കാർ വ്യക്തമാക്കുന്നു. അപകീർത്തികരമായ പരാമർശങ്ങളാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ സ്വപ്ന നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
മുഖ്യമന്ത്രിയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. സ്വപ്നയുടെ ഹർജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാന്‍ മാറ്റി.
വടക്കാഞ്ചേരി ലൈഫ് മിഷൻ കരാർ സന്തോഷ് ഈപ്പന് നല്‍കിയത് ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയ്ക്ക് ശേഷമെന്ന് സ്വപ്ന സുരേഷ് കേസ് അന്വേഷിക്കുന്ന സിബിഐക്ക് മൊഴി നല്കി.
ലൈഫ് മിഷൻ എംഒയു ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിലാണെന്നും മുഖ്യമന്ത്രി, കോൺസൽ ജനറൽ, ശിവശങ്കർ എന്നിവർ ഉണ്ടായിരുന്നുവെന്നും സ്വപ്ന ചോദ്യംചെയ്യലിൽ പറഞ്ഞു. തന്റെ ലോക്കറിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന്റെ കമ്മീഷൻ പണമാണെന്നും സ്വപ്ന പറഞ്ഞു.
സ്വപ്നയെ കേസിൽ ആദ്യമായാണ് സിബിഐ ചോദ്യംചെയ്തത്. കേസിലെ കൂട്ടുപ്രതി സരിത്തിനെ നേരത്തെ ചോദ്യംചെയ്തിരുന്നു. സ്വപ്നയെ 21ന് വീണ്ടും ചോദ്യംചെയ്യും.