ഗുജറാത്തിൽ വ്യാജ ഐപിഎൽ ടൂർണമെൻ്റ്. ഐപിഎൽ എന്ന പേരിൽ രണ്ടാഴ്ച ടൂർണമെൻ്റ് നടത്തി വാതുവെപ്പിലൂടെ ലക്ഷങ്ങളാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം സംഘം അറസ്റ്റിലായതോടെയാണ് ഞെട്ടിക്കുന്ന ഈ വിവരം പുറംലോകത്തറിഞ്ഞത്. ഗുജറാത്തിലെ മെഹസാന ജില്ലയിൽ മൊളിപുർ ഗ്രാമത്തിലാണ് ഈ ഹൈടെക്ക് തട്ടിപ്പ് നടന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ ജഴ്സിയണിഞ്ഞ ചില യുവാക്കളാണ് വ്യാജ ഐപിഎലിൽ കളിച്ചത്. 400 രൂപ ദിവസക്കൂലിക്ക് ഇവരെ സംഘാടകർ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. അമ്പയർമാരും വ്യാജ വോക്കി ടോക്കികളും ഹർഷ ഭോഗ്ലെയെ അനുകരിക്കുന്ന കമൻ്റേറ്ററും ടൂർണമെൻ്റിലുണ്ടായിരുന്നു.
നാലഞ്ച് ക്യാമറകൾ കൊണ്ട് മത്സരങ്ങൾ ഷൂട്ട് ചെയ്ത് അവ യൂട്യൂബിൽ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ക്രൗഡ്- നോയ്സ് സൗണ്ട് ഇഫക്റ്റുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു പേര്. ഐപിഎൽ എന്ന വ്യാജേന വാതുവെപ്പ് ആരംഭിച്ച ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തു. റഷ്യക്കാരാണ് കൂടുതലും തട്ടിപ്പിനിരയായത്. മത്സരങ്ങൾ പ്ലേ ഓഫിലെത്തിയപ്പോൾ സംഘാടകർ പൊലീസ് പിടിയിലാവുകയായിരുന്നു. ടെലിഗ്രാം ആപ്പ് വഴിയാണ് സംഘം വാതുവെപ്പ് നടത്തിയിരുന്നത്.