ലൈംഗികാക്രമണങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുകയെന്നതാണ് 2012 ലെ പോക്സോ നിയമം ലക്ഷ്യമിടുന്നത്. സെക്ഷ്വല്‍ അബ്യൂസ്, സെക്ഷ്വല്‍ ഹരാസ്മെന്റ്, പോണോഗ്രഫി തുടങ്ങിയവയാണ് പൊതുവില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങളില്‍ ഉള്‍പ്പെടുന്നത്. ഈ നിയമപ്രകാരം 18 വയസില്‍ താഴെയുള്ള ഏതൊരു വ്യക്തിയും കുട്ടികളാണ്. 2012 ജൂണ്‍ 19നാണ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. 2012 ജൂണ്‍ 20ന് ഗസറ്റില്‍ നിയമം വിജ്ഞാപനം ചെയ്തു. 2012 നവംബറിലെ ശിശുദിനത്തിലാണ് ‘ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012′ എന്ന പോക്സോ നിയമവും ബന്ധപ്പെട്ട ചട്ടങ്ങളും നിലവില്‍ വന്നത്.
എന്താണ് പോക്സോ? എന്തിനാണ് ഈ നിയമം?
Penetrative sexual assault, sexual assault, sexual harasment എന്നീ കുറ്റകൃത്യങ്ങളെ കൃത്യമായി നിര്‍വചിക്കുന്നതാണ് 2012ലെ പോക്സോ നിയമം. ഇതേ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥരോ, സര്‍ക്കാര്‍ ജീവനക്കാരോ, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ജയില്‍ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരോ, സായുധ, സുരക്ഷാ സേനയിലെ ജീവനക്കാരോ ആണെങ്കില്‍ പോക്സോ പ്രകാരം കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കും. നിയമവ്യവസ്ഥയ്ക്കു കീഴില്‍ കുട്ടികള്‍ വീണ്ടും ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള ചട്ടങ്ങളും ഈ നിയമം വിഭാവനം ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണം ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ്, ഇതിനെതിരെ കര്‍ശന നിയമം ലക്ഷ്യമിട്ട് പോക്സോ കൊണ്ടുവരുന്നത്. പോക്സോ നിയമം വരുന്നതിന് മുമ്പ് ബലാത്സംഗം ഉള്‍പ്പെടെ കുട്ടികള്‍ക്കെതിരായ എല്ലാ ലൈംഗിക ആക്രമണങ്ങളെയും കൃത്യമായി സമീപിക്കുന്ന നിയമം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) പ്രകാരം ലൈംഗികാക്രമണ കുറ്റകൃത്യങ്ങളില്‍ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്ന വേര്‍തിരിവ് ഉണ്ടായിരുന്നില്ല. അതുപോലെ ആണ്‍കുട്ടികള്‍ക്കെതിരായ ബലാത്സംഗം എന്ന കാര്യവും ഐ.പി.സി പരിഗണിച്ചിരുന്നില്ല. എന്നാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ലൈംഗികാക്രമണങ്ങള്‍ പോക്സോ നിയമത്തിന്റെ പരിധിയില്‍ വരും.
വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ പോക്സോ നിയമത്തില്‍ വ്യവസ്ഥയുണ്ട്. തെളിവ് രേഖപ്പെടുത്തുന്നതിലും അന്വേഷണത്തിലും വിചാരണയിലും റിപ്പോര്‍ട്ടിങ്ങിലും ശിശുസൗഹാര്‍ദ്ദപരമായ നടപടികള്‍ പോക്സോ നിയമം വിഭാവനം ചെയ്യുന്നു. ആക്രമിക്കപ്പെട്ട കുട്ടിയ്ക്ക് വിദ്യാഭ്യാസമോ തൊഴിലവസരമോ നഷ്ടമായോ, ലൈംഗികാക്രമണത്തെ തുടര്‍ന്ന് രോഗമോ വൈകല്യമോ പ്രഗ്നന്‍സിയോ ഉണ്ടായോ എങ്കില്‍ ഇടക്കാല നഷ്ടപരിഹാരമുള്‍പ്പെടെ നഷ്ടപരിഹാരം നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
Penetrative Sexual Assault: കുട്ടിയ്ക്കുമേല്‍ ഏതെങ്കിലും ശരീരഭാഗമോ വസ്തുവോ കടത്തുക, അല്ലെങ്കില്‍ മറ്റൊരാളുമായി ഇങ്ങനെ ചെയ്യുക എന്നതാണ് Penetrative Sexual Assault. ഏഴുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ, ചിലപ്പോള്‍ ജീവപര്യന്തം വരെയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം.
Aggravated Penetrative Sexual Assault: പോക്സോ നിയമപ്രകാരം പൊലീസ് ഓഫീസര്‍, സായുധ സേനാ അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, റിമാന്‍ഡ് ഹോമിലെ, ജയിലിലെ, ആശുപത്രിയിലെ അല്ലെങ്കില്‍ സ്കൂളിലെ ജീവനക്കാരോ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഗൗരവം കൂടുമെന്നു പറഞ്ഞല്ലോ. ഇവരില്‍ നിന്നുണ്ടാകുന്ന Penetrative Sexual Assault, മാരകായുധങ്ങള്‍, തീ, ചൂടായ വസ്തുക്കള്‍, ദ്രവിച്ച വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചുള്ള Penetrative Sexual Assault എന്നിവ Aggravated Penetrative Sexual Assault ആയാണ് പരിഗണിക്കുക. ഇതിനു പുറമേ ഗ്യാങ് Penetrative Sexual Assault കാരണം അംഗഭംഗം വരികയോ മാനസികാരോഗ്യത്തെ ബാധിക്കുകയോ ലൈംഗികാവയവങ്ങള്‍ക്ക് പരുക്കേല്‍ക്കുകയോ പെണ്‍കുട്ടികളില്‍ ഗര്‍ഭാവസ്ഥയ്ക്ക് കാരണമാകുകയോ ഐച്ച്.ഐ.വി അല്ലെങ്കില്‍ ജീവന് ഭീഷണിയായ മറ്റേതെങ്കിലും രോഗത്തിന് കാരണമാകുകയോ ചെയ്താല്‍ അത് Aggravated Penetrative Sexual Assault ആയാണ് പരിഗണിക്കുക.
12 വയസില്‍ താഴെയുള്ള കുട്ടിയെ അടുത്ത ബന്ധുവോ, കുട്ടികള്‍ക്ക് സേവനം നല്കുന്ന സ്ഥാപനത്തിന്റെ (സ്കൂള്‍ പോലുള്ള സ്ഥാപനങ്ങളുടെ) മേധാവിയോ ജീവനക്കാരോ, അല്ലെങ്കില്‍ കുട്ടിയ്ക്കുമേല്‍ അധികാരമോ വിശ്വാസ്യതയോ ഉള്ള വ്യക്തിയോ, ഒന്നിലേറെ തവണ Penetrative Sexual Assault നടത്തിയാലും അത് കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കും. കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞുകൊണ്ട് Penetrative Sexual Assault നടത്തുക, നേരത്തെ ലൈംഗികാക്രമണക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വ്യക്തി കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുക, വര്‍ഗീയ സംഘര്‍ഷത്തിനിടയിലെ penetrative sexual assault, കുട്ടിയെ പൊതുമധ്യത്തില്‍ നഗ്നരായി നടത്തിക്കുക എന്നിവ Aggravated Penetrative Sexual Assautl ആയി പരിഗണിക്കും. പത്തുവര്‍ഷത്തില്‍ കുറയാത്ത തടവുശിക്ഷ, ചിലഘട്ടത്തില്‍ ജീവപര്യന്തം തടവും പിഴയും ശിക്ഷയായി ലഭിക്കും.
Sexual Assault: ലൈംഗിക ഉദ്ദേശ്യത്തോടെ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് Sexual Assault ആണ്. മൂന്നുവര്‍ഷത്തില്‍ കുറയാത്ത ഏഴുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ.
Aggravated Sexual Assault: പൊലീസ് ഓഫീസര്‍, സായുധന സേന അംഗം, സര്‍ക്കാര്‍ ജീവനക്കാര്‍, ജയില്‍, റിമാന്‍ഡ് ഹോം, ആശുപത്രി, സ്കൂള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ അല്ലെങ്കില്‍ മേല്പറഞ്ഞ ഗൗരവം കൂടിയ വിഭാഗത്തില്‍പ്പെടുന്ന ഏതെങ്കിലും വ്യക്തികളോ നടത്തുന്ന Sexual Assault. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത, ഏഴുവര്‍ഷം വരെയുള്ള തടവും പിഴയുമാണ് നിയമപ്രകാരമുള്ള ശിക്ഷ.
സെക്ഷ്വൽ ഹരാസ്മെൻറ്: ശരീരഭാഗമോ ഏതെങ്കിലും വസ്തുവോ കാണിക്കുക, കുട്ടിയെ ലക്ഷ്യമിട്ട് മോശമായ ആംഗ്യം കാണിക്കുക, കുട്ടിയെ പോണോഗ്രാഫിക്കുവേണ്ടി ഭീഷണിപ്പെടുത്തുക, കുട്ടിയെക്കൊണ്ട് ശരീരം പ്രദര്‍ശിപ്പിക്കുക എന്നിവ സെക്ഷ്വല്‍ ഹരാസ്മെന്റിന്റെ പരിധിയില്‍ വരും. മൂന്നുവര്‍ഷം വരെ തടവും പിഴയും ഈടാക്കാവുന്ന കുറ്റം. പോണോഗ്രാഫിക്ക് കുട്ടിയെ ഉപയോഗിക്കുന്നതും പോക്സോ നിയമത്തിന്റെ പരിധിയില്‍വരും. അഞ്ചുവര്‍ഷംവരെ തടവും പിഴയും ലഭിക്കും. വീണ്ടും ഇതേകുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഏഴുവര്‍ഷംവരെ പിഴയും തടവും ലഭിക്കും. പോണോഗ്രാഫിക് പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി Penetrative Sexual Assault ന് വിധേയനാക്കുന്നത് പത്തുവര്‍ഷത്തില്‍ കുറയാത്ത തടവും ചിലപ്പോള്‍ ജീവപര്യന്തവും പിഴയും ഈടാക്കാവുന്ന കുറ്റമാണ്. വാണിജ്യ ലക്ഷ്യങ്ങള്‍ക്കായി കുട്ടി ഉള്‍പ്പെട്ട പോണോഗ്രാഫിക് മെറ്റീരിയല്‍ സൂക്ഷിക്കുന്നത് പോക്സോ നിയമപ്രകാരം മൂന്നുവര്‍ഷംവരെ തടവ് അല്ലെങ്കില്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
കുട്ടികള്‍ക്കെതിരെ മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി നേരിട്ടോ അല്ലാതെയോ ബോധ്യമുണ്ടായിട്ടും റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്നതും കുറ്റകരമാണ്. റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കുട്ടികളാണെങ്കില്‍ അവര്‍ക്ക് നിയമം ബാധകമല്ല. ഏതെങ്കിലും വ്യക്തിയോ, ഏതെങ്കിലും കമ്പനിയുടേയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തിയോ കേസ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ആറുമാസത്തെ തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കുട്ടികള്‍ ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെ അധ്യാപകരും മാനേജ്മെന്റും തൊഴിലാളികളും പോക്സോ നിയമത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും ഏതെങ്കിലും കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ചുമതലയുള്ള വ്യക്തി കുറ്റകൃത്യം ചെയ്തിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണെങ്കില്‍ കീഴ് ജീവനക്കാരന് ഒരുവര്‍ഷംവരെ തടവു ശിക്ഷയും പിഴയും ലഭിക്കും.
പോക്സോ നിയമം ദുരുപയോഗം ചെയ്താലും ശിക്ഷിക്കപ്പെടും. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ, അപകീര്‍ത്തിപ്പെടുത്താനോ ലക്ഷ്യമിട്ട് കുറ്റകൃത്യം ആരോപിച്ചതായി കണ്ടെത്തിയാല്‍ ആറുവര്‍ഷംവരെ തടവിനും പിഴയ്ക്കും അല്ലെങ്കില്‍ ഇതിനു രണ്ടിനുമോ ശിക്ഷിക്കാം.
കുട്ടിയ്ക്കെതിരെ അറിഞ്ഞുകൊണ്ട് തെറ്റായി പരാതി നല്കുകവഴി ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ കുട്ടിക്കെതിരെ നടത്തിയതായി കണ്ടെത്തിയാല്‍ ഒരുവര്‍ഷംവരെ തടവും അല്ലെങ്കില്‍ പിഴയും ഇവ രണ്ടുമോ ലഭിക്കും.
പോക്സോ പ്രകാരമുള്ള കുറ്റകൃത്യം നടന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതൊരു വ്യക്തിക്കും ബാധ്യതയുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വസ്തു ശ്രദ്ധയില്‍പ്പെട്ടാല്‍ അത് റിപ്പോര്‍ട്ടു ചെയ്യാനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകര്‍, ഹോട്ടല്‍, ലോഡ്ജ്, ആശുപത്രി, ക്ലബ്, സ്റ്റുഡിയോ സ്റ്റാഫുകള്‍ക്കുണ്ട്. ഇത് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണെന്നു പറഞ്ഞല്ലോ. കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണങ്ങള്‍ സ്പെഷ്യല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിനോ, ലോക്കല്‍ പൊലീസിനോ മുമ്പാകെയാണ് റിപ്പോര്‍ട്ടു ചെയ്യേണ്ടത്. ഇങ്ങനെ പരാതി നല്കിയാല് പൊലീസോ, എസ്.ജെ.പി.യുവോ ഇത് നിര്‍ബന്ധമായും എഴുതി രേഖപ്പെടുത്തുകയും എന്‍ട്രി നമ്പര്‍ നല്‍കുകയും റിപ്പോര്‍ട്ടു ചെയ്തയാള്‍ക്കുമുമ്പാകെ ഇത് വായിച്ച് കേള്‍പ്പിച്ച് വെരിഫൈ ചെയ്യുകയും ബുക്കില്‍ എന്റര്‍ ചെയ്യുകയും വേണം. എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ കോപ്പി റിപ്പോര്‍ട്ട് ചെയ്തയാള്‍ക്ക് സൗജന്യമായി നല്‍കുകയും വേണം. കുട്ടികളാണ് കേസ് റിപ്പോര്‍ട്ടു ചെയ്യുന്നതെങ്കില്‍ അവര്‍ക്ക് മനസിലാവുന്ന ലളിതമായ ഭാഷയില്‍ അത് രേഖപ്പെടുത്തണം. കുട്ടികള്‍ക്ക് മനസിലാവാത്ത ഭാഷയിലാണ് റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ അവര്‍ക്ക് വായിച്ച് കാര്യം ബോധ്യപ്പെടുത്തി നല്കാന് പരിഭാഷകനെ നിയോഗിക്കണം.
ആക്രമിക്കപ്പെട്ടത് പെണ്‍കുട്ടിയാണെങ്കില്‍ പരിശോധന നടത്തേണ്ടത് വനിതാ ഡോക്ടര്‍ ആയിരിക്കണം. മാതാപിതാക്കളുടെയോ കുട്ടിയ്ക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും വ്യക്തിയുടേയോ സാന്നിധ്യത്തില്‍ മാത്രമേ പരിശോധന നടത്താവൂ. അങ്ങനെ ആരും ഇല്ലെങ്കില്‍ ആശുപത്രി മേധാവി നിര്‍ദേശിക്കുന്ന വനിതയുടെ സാന്നിധ്യത്തില്‍ പരിശോധന നടത്താം. 2012ലെ പോക്സോ നിയമം വന്നതിനുശേഷം ഓരോ വര്‍ഷവും കുട്ടികള്‍ക്കെതിരായ ലൈംഗികാക്രമണകേസുകളില്‍ വന്‍തോതില്‍ വര്‍ധനവാണുണ്ടായത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2018ല്‍ ഇന്ത്യയില്‍ ഓരോദിവസവും 109 കുട്ടികളാണ് ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയായത്. 2017ല്‍ 32608 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെങ്കില്‍ 2018ല്‍ 39827 കേസുകളായി വര്‍ധിച്ചു. എന്നാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്. 2016ന്റെ അവസാനം വരെ 28% മാത്രമാണ് പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന നിരക്ക്.
പൊതുവേ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. പോക്സോ നിയമപ്രകാരം സംസ്ഥാനത്ത് അഞ്ചുമാസത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. പോക്സോപ്രകാരം ഇക്കാലയളവില്‍ സംസ്ഥാനത്താകെ 1777 കേസുകള്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ തിരുവനന്തപുരത്തു മാത്രം 228 കേസുകളുണ്ട്. ഈ വര്‍ഷം ജനുവരിമുതല്‍ മേയ്വരെയുള്ള കണക്കുകളാണ് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പകുതിയിലേറെയാണ് ഈ അഞ്ചുമാസങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. നഗരപ്രദേശത്ത് 72 കേസുകളും ഗ്രാമപ്രദേശങ്ങളില്‍ 156 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോക്സോ കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന ഈ സാഹചര്യത്തിൽ, ഈ നിയമത്തിന് ഇപ്പോൾ പ്രസക്തി ഉണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.