താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്ന് ഉമാ തോമസ്എംഎൽഎ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ ആണ് ഉമാ തോമസിന്റെ ഈ പ്രതികരണം .
‘കേസുമായി ബന്ധപ്പെട്ട് എന്റെ അഭിപ്രായം ഞാൻ പറയില്ല. കാരണം ഇത് കോടതിയിലിരിക്കുന്ന കേസാണ്. കേസിൽ എന്തെങ്കിലുമൊരു നീക്കുപോക്കോ, കോടതി ഇടപെടലോ ഉണ്ടായാൽ മാത്രമേ പ്രതികരിക്കുകയുള്ളു’എന്നും ഉമാ തോമസ് പറഞ്ഞു.
ഒന്നര മാസത്തിനകം കേസിൽ തീർപ്പുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയത്. കേസിൽ തീരുമാനം ഉണ്ടാകട്ടെയെന്ന് ഉമാ തോമസ് പറഞ്ഞു. ഇത്ര ഉന്നത സ്ഥാനത്ത് ജോലി ചെയ്തിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.