കോഴിക്കോട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയെ തുടര്‍ന്ന് കാസര്‍ഗോട്ട് നദികള്‍ കരകവിഞ്ഞൊഴുകുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി.
മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. റവന്യു വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് വെള്ളരിക്കുണ്ട് പനത്തടി കമ്മാടി കോളനിയിലെ ഒൻപത് കുടുംബങ്ങളിലെ 29 പേരെ മാറ്റി പാർപ്പിച്ചു. കല്ലേപ്പള്ളി പ്രദേശത്ത് ഇന്ന് രാവിലെ 6.23 ന് നേരിയ ഭൂചലനമുണ്ടായി.
കഴിഞ്ഞ നാല് ദിവസമായി വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കാസർകോട് നീലേശ്വരം നഗരസഭയിലെ പാലായിയിലും പരിസരങ്ങളിലും മധുർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. വിവിധ ഇടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തേജസ്വിനി പുഴയും മധുവാഹിനി പുഴയും കരകവിഞ്ഞൊഴുകുന്നു.
കണ്ണൂർ ജില്ലയിൽ കരിങ്കൽ ക്വാറികളുടെയും ചെങ്കൽ ക്വാറികളുടെയും പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിരോധനം ഈ മാസം 17 വരെ നീട്ടി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
കർണാടക തീരംവരെ നിലനിന്നിരുന്ന ന്യുനമർദ്ദ പാത്തി ( Off shore Trough) വീണ്ടും വടക്കൻ കേരള തീരത്തിലേക്ക് വ്യാപിച്ചുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ഇതോടെ വടക്കൻ കേരളത്തിൽ വീണ്ടും മഴ കനക്കാനാണ് സാധ്യത. ജൂലൈ മാസത്തിൽ ഉടനീളം മലബാറിലെ ജില്ലകളിൽ മഴ തുടരുകയാണ്.
ഈ സീസണിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ലഭിച്ച ആദ്യ ജില്ലയായി കാസറഗോഡ് മാറിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. ജൂൺ 1 മുതൽ ജൂലൈ 10 വരെ ജില്ലയിൽ സാധാരണ ലഭിക്കേണ്ടത് 1300 mm മഴയാണ് എന്നാൽ നിലവിൽ ലഭിച്ചത് 1302 mm മഴയാണ്. ആദ്യ 30 ദിവസം 478 mm മഴ മാത്രം( 51% കുറവ് ) ലഭിച്ചപ്പോൾ പിന്നീടുള്ള 10 ദിവസം കൊണ്ട് പെയ്തത് 824 mm!!!.( 162% കൂടുതൽ ) ലഭിച്ചു.