തിരുവനന്തപുരം: കഴക്കൂട്ടത്ത് വാക്കുതര്‍ക്കത്തിനിടെ ചവിട്ടേറ്റ് ഗൃഹനാഥന് മരിച്ചു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന് (65) ആണ് മരിച്ചത്. ഒരു ആക്രിക്കാരനാണ് ഭുവനചന്ദ്രനെ ചവിട്ടിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭുവനചന്ദ്രന് ചവിട്ടേറ്റിരുന്നു എന്നും മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് കഴക്കൂട്ടം പോലീസ് അറിയിക്കുന്നത്.
കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന് ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്. ഭുവനചന്ദ്രന് നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന് തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു. വാക് തര്‍ക്കത്തിനിടെ ഭൂവനചന്ദ്രനെ ആക്രിക്കാരന് ചവിട്ടി എന്നാണ് ദൃക്സാക്ഷികളുടെ ആരോപണം.
കരൾ രോഗത്തിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭുവനചന്ദ്രന് 65 വയസ്സായിരുന്നു. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.