എജ്ബാസ്റ്റണ്‍: ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. 49 റണ്‍സ് ജയത്തോടെ ഒരു മത്സരം ശേഷിക്കേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). നായകന് രോഹിത് ശര്‍മയ്ക്ക് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ 14-ാം ട്വന്റി 20 വിജയം കൂടിയാണിത്.
ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് ഓള്‍ഔട്ടായി. ശേഷിക്കുന്ന മത്സരം ഞായറാഴ്ച ട്രെന്‍ഡ് ബ്രിഡ്ജില്‍ നടക്കും. കണിശതയോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.
മൂന്ന് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും 10 റണ്‍സിന് രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.
ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ജേസൺ റോയിയെ രോഹിതിന്റെ കൈകളിലേത്തിച്ച് ഭുവനേശ്വറിലൂടെ ഇന്ത്യ നയം വ്യക്തമാക്കി. മൂന്നാം ഓവറിൽ ബട്ലറിനെയും ഭുവി മടക്കി. പന്തായിരുന്നു ക്യാച്ചെടുത്തത്. 4 റൺസ് മാത്രമാണ് ഇംഗ്ലണ്ട് നായകന്റെ സമ്പാദ്യം. പിന്നാലെ ലിവിങ് സ്റ്റണിനെ (15) ക്ലീൻ ബൗൾഡാക്കി ബൂമ്ര അടുത്ത വെടിപൊട്ടിച്ചു. അടുത്ത ഊഴം ചഹലിന്റേതായിരുന്നു ഇര ഡേവിഡ് മലാനും. ഹർഷൽ പട്ടേലിന് ക്യാച്ച് നൽകി മലാൻ (19) മടങ്ങി. പിന്നാലെയെത്തിയ ഹാരി ബ്രൂക്കിനെ (8)യും ചഹൽ തന്നെ തിരിച്ചയച്ചു. സാം കറൺ രണ്ട് റൺസ് മാത്രമെടുക്ക് ബൂമ്രക്ക് വിക്കറ്റ് ന്ൽകി മടങ്ങി. പിന്നാലെ തന്നെ ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയ മൊയീൻ അലിയെ (35) ഹർദിക്കും മടക്കി. ക്രിസ് ജോർദാൻ (1), ഗ്ലീസൺ (2) പാർക്കിൻസൺ (0) എന്നിവർ പൊരുതാൻ പോലും നിൽക്കാതെ മടങ്ങി. ഡേവിഡ് വില്ലി അവസാനം വരെ പൊരുതിയെങ്കിലും (33) നിഷ്ഫലമായി.
ഭുവനേശ്വറിനെ കൂടാതെ ബൂമ, ചഹൽ എന്നിവർ 10 റൺസ് വീതം വിട്ടുനൽകി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹർദിക്കും ഹർഷൽ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തിരുന്നു. 29 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 46 റണ്‍സോടെ പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഋഷഭ് പന്തും ചേര്‍ന്ന് മികച്ച തുടക്കം തന്നെ ടീമിന് സമ്മാനിച്ചു. 29 പന്തില്‍ നിന്ന് 49 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 20 പന്തില്‍ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 31 റണ്‍സെടുത്ത രോഹിത്തിനെ മടക്കി റിച്ചാര്‍ഡ് ഗ്ലീസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ കോലി ഇത്തവണയും നിരാശപ്പെടുത്തി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത കോലി, ഗ്ലീസന്റെ പന്തില്‍ ഡേവിഡ് മലാന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്തായത്. എന്നാല്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന ഋഷഭ് പന്ത് ഗ്ലീസന്റെ തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. 15 പന്തില്‍ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 26 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.
അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെയും ഹാര്‍ദിക് പാണ്ഡ്യയേയും മടക്കി ക്രിസ് ജോര്‍ദാന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 11 പന്തില്‍ നിന്ന് 15 റണ്‍സെടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. പിന്നാലെ 15 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് ഹാര്‍ദിക്കും മടങ്ങിയതോടെ ഒരു ഘട്ടത്തില്‍ 4.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 49 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ, 10.4 ഓവറില്‍ അഞ്ചിന് 89 റണ്‍സെന്ന നിലയിലേക്ക് വീണു.
പിന്നാലെ ദിനേഷ് കാര്‍ത്തിക്കും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ടീമിനെ കരകയറ്റാന്‍ ശ്രമിക്കുന്നതിനിടെ 16-ാം ഓവറില്‍ കാര്‍ത്തിക്ക് റണ്ണൗട്ടായി. 17 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് കാര്‍ത്തിക്കിന് നേടാനായത്. ഹര്‍ഷല്‍ പട്ടേല്‍ (13), ഭുവനേശ്വര്‍ കുമാര്‍ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ നാലും റിച്ചാര്‍ഡ് ഗ്ലീസണ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.