തൃശ്ശൂർ: ഗുരുവായൂർ സ്വർണക്കവർച്ചാ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. അരുൺരാജ് എന്നും ഇയാൾക്ക് പേരുണ്ട്. നാഗരാജിന്റെ സഹോദരൻ തിരുച്ചിറപ്പള്ളി സ്വദേശി ധർമരാജിനെ നേരത്തെ പിടികൂടിയിരുന്നു. ഗുരുവായൂർ തമ്പുരാൻപടിയിലെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട ധർമരാജിനെ ചണ്ഡീഗഡിൽ നിന്നാണ് പിടികൂടിയത്.
മോഷണ മുതലിന്റെ ഒരു ഭാഗം ഇയാളിൽ നിന്ന് കണ്ടെടുത്തു. സഹോദരൻ പിടിയിലായതോടെ തന്റെ പങ്കുമായി നാഗരാജ് ഒളിവിൽ പോയിരുന്നു. പണവും സ്വർണവും നാഗരാജിന്റെ കയ്യിലാണെന്ന് ധർമരാജിൽ നിന്ന് വിവരം ലഭിച്ചതോടെ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഗുരുവായൂർ പോലീസും ഷാഡോ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 7 ലക്ഷം രൂപ നാഗരാജിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാക്കി പണവും പ്രതി വിറ്റഴിച്ച സ്വർണവും മോഷണ മുതൽ ഉപയോഗിച്ച് വാങ്ങിയ ആഡംബര ബൈക്കുകളും കണ്ടെടുക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.