ഒരൽപ്പം കൂടി ക്ഷമിക്കു പുതിയ സൈനിങ്ങ് ഇപ്പൊ ഉണ്ടാകും എന്ന് പറഞ്ഞ് ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിറുത്തിയ കേരള ബ്ലാസ്റ്റഴ്സിന്റെ പുതിയ വിദേശ സൈനിങ് പ്രഖ്യാപിച്ചു. ഗ്രീക്ക് ഓസ്ട്രേലിയൻ ഇന്റർനാഷണൽ മുന്നേറ്റനിരക്കാരൻ അപ്പൊസ്തോലോസ് ജിയാനുവിനെയാണ് ക്ലബ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ആരാധകരെ ഏറെ സന്തോഷിപ്പിച്ച് ഫൈനലിൽ കടന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. ജിയാനുവിന്റെ വരവ് ടീമിന് ഊർജമാകുമെന്നാണ് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ.
ജിയോനുവിന്റെ ജനനം ഗ്രീസിലാണെങ്കിലും ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ താരമാണ്. ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബുകളിൽ പ്രധാനമായും പന്ത് തട്ടിയ ജിയോനു 150 ലധികം മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നാൽപതോളം ഗോളുകളും നേടിയിട്ടുണ്ട്. കവാല, പാനിയോനിയൊസ്, ആസ്റ്ററിസ് ട്രിപ്പൊളി തുടങ്ങിയവയാണ് പ്രധാന ടീമുകൾ. ഓസ്ട്രേലിയൻ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ് സി നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. 2023 വരെ കേരള ടീമിനോപ്പം താരം തുടരും.