മുൻ മന്ത്രി സജി ചെറിയാൻ വഹിച്ചിരുന്ന വകുപ്പുകൾ 3 മന്ത്രിമാർക്ക് വിഭജിച്ച് നൽകി. മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, വി എൻ വാസവൻ എന്നിവർക്കാണ് വകുപ്പുകൾ കൈമാറിയത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു. സാംസ്കാരിക വകുപ്പ് വി എൻ വാസവൻ കൈകാര്യം ചെയ്യും. യുവജനക്ഷേമ വകുപ്പിന്റെ ചുമതല മുഹമ്മദ് റിയാസിനാണ്. ഫിഷറീസ് വകുപ്പ് വി അബ്ദുറഹ്മാൻ വഹിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. സജി ചെറിയാന് പകരം തൽക്കാലത്തേക്ക് മന്ത്രിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതേനിലപാടാണ് സ്വീകരിച്ചത്. ഭരണഘടനാ വിരുദ്ധ പരാമർത്തെ തുടർന്നാണ് സജി ചെറിയാൻ രാജിവച്ചത്. കഴിഞ്ഞ ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം പരിപാടിയിൽ പ്രസംഗിക്കുമ്പോഴാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. ജനത്തെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് രാജ്യത്തിന്റേതെന്നും ബ്രിട്ടീഷുകാരൻ പറഞ്ഞതും തയാറാക്കിക്കൊടുത്തതുമായ ഭരണഘടനയാണ് എഴുതിവെച്ചതെന്നും അദ്ദേഹം വിമർശിച്ചു.