ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോഗ്യനില തൃപ്തികരമെന്ന് വിവരങ്ങൾ. ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സ തേടിയ താരമിപ്പോൾ ചെന്നെെ കാവേരി ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം വിക്രം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ആശുപത്രി അധികൃതർ ഇതുവരെയും ഔദ്യോഗികമായി ഒരു അപ്ഡേറ്റും പങ്കുവച്ചിട്ടില്ല. രാജ്യമൊട്ടാകെയുള്ള ആരാധകർ താരം എത്രയും വേഗം സുഖം പ്രാപിക്കണമെന്ന പ്രാർത്ഥനയിലാണ്.
മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ താരം പങ്കെടുക്കേണ്ടതായിരുന്നു. ചെന്നൈയിൽ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ട്രെയിലർ ലോഞ്ചിൽ മാറ്റമുണ്ടോയെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ വ്യക്തത വരുത്തിയിട്ടില്ല. വിക്രമിന്റെ ആരോഗ്യപുരോഗതിയെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനം. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ഒരുക്കിയിരിക്കുന്നത്. ആദിത്യ കരികാലന് എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.