മലപ്പുറം നിലമ്പൂരിൽ നിരവധി ആളുകളെയും വളർത്തു മൃഗങ്ങളെയും കടിച്ചു പരുക്കേൽപ്പിച്ച തെരുവു നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.നാട്ടുകാർ പിടികൂടി നിരീക്ഷണത്തിലാക്കിയ നായ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇന്ന് മണ്ണുത്തി വെറ്റിനറി കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. 16 പേരെയാണ് നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നത്. നിരവധി തെരുവു നായ്ക്കളെയും കടിച്ചിരുന്നു. പേ വിഷബാധയേറ്റ നായ സഞ്ചരിച്ച പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കി തിരിച്ച് കടിയേറ്റ തെരുവുനായ്ക്കളെ പിടികൂടി നിരീക്ഷണത്തിലാക്കാനുള്ള ശ്രമം നിലമ്പൂർ നഗരസഭയും പ്രദേശത്തെ സന്നദ്ധ സംഘടനയായ എമർജൻസി റെസ്ക്യൂ ഫോഴ്സും ആരംഭിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം നഗരത്തെ ഭീതിയിലാഴ്ത്തിയാണ് തെരുവ്നായയുടെ ആക്രമണമുണ്ടായത്. ആദ്യം രണ്ട് പേരെ കടിച്ച അക്രമകാരിയായ നായയെ കണ്ടെത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് മറ്റുള്ളവർക്ക് കൂടി കടിയേറ്റത്. അമ്മയും കുഞ്ഞുമടക്കം പതിനാറ് പേരെയാണ് തെരുവ്നായ ആക്രമിച്ചത്. നിലമ്പൂർ വീട്ടിക്കുത്ത് റോഡ്, എൽ.ഐ.സി റോഡ് എന്നിവിടങ്ങളിൽ വെച്ചാണ് വഴിയാത്രക്കാരെ തെരുവ് നായ ആക്രമിച്ചിരുന്നത്. പരിക്കേറ്റവരെ ഉടനെ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ എതാനും ദിവസങ്ങളിലായി നിലമ്പൂർ നഗരസഭാ പ്രദേശത്ത് തെരുവ്നായ ശല്ല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.