വിവാഹമണ്ഡപത്തിൽ വരനെ സാക്ഷി നിറുത്തി വധുവിന്റെ കഴുത്തിൽ താലി ചാർത്തി കാമുകൻ. ബീഹാറിലെ നളന്ദയിലാണ് സംഭവം നടന്നത്. താലി കെട്ടിയതിന് പിന്നാലെ വധുവിന്റെ നെറുകയിൽ കാമുകൻ സിന്ദൂരവും ചാർത്തി. ഇതോടെ വിവാഹമണ്ഡപത്തിലുണ്ടായിരുന്ന വരനും കൂട്ടരും വിവാഹത്തിൽ നിന്നും പിന്മാറി. മുബാറക്പൂർ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു നാട്ടുകാരെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറിയത്. പിന്നാലെ മണ്ഡപത്തിൽ ഒത്തുകൂടിയവരെല്ലാം ചേർന്ന് കാമുകനെ മർദ്ദിച്ച് അവശനാക്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.
മുബാറക്പൂർ ഗ്രാമത്തിലാണ് പെൺകുട്ടിയുടെയും കാമുകനായ മുകേഷിന്റെയും വീടുകൾ. ഇരുവരും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു. രഹസ്യബന്ധം വീട്ടിൽ പിടിച്ചതോടു കൂടി പെൺകുട്ടിയ്ക്ക് മറ്റൊരു യുവാവുമായി വീട്ടുകാർ വിവാഹം ഉറപ്പിച്ചു. എന്നാൽ വിവാഹദിവസം വേദിയിലെത്തി തന്റെ കഴുത്തിൽ താലി ചാർത്തണമെന്നും സിന്ദൂരം അണിയിക്കണമെന്നും പെൺകുട്ടി മുകേഷിനോട് പറയുകയായിരുന്നു. ഇല്ലെങ്കിൽ ജീവൻ അവസാനിപ്പിച്ചു കളയുമെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നതായും യുവാവ് പൊലീസിനോട് പറഞ്ഞു.