ക്രിക്കറ്റിലെ ബദ്ധവൈരികളുടെ പട്ടികയെടുത്താൽ അതിൽ മുൻ നിരയിൽ തന്നെ ഇന്ത്യയും പാകിസ്ഥാനും ഉണ്ടാകും. എന്നാൽ ഇരുരാജ്യങ്ങളിലും നിലനിൽക്കുന്ന രാഷ്ട്രീയ കാരണങ്ങളാൽ രണ്ട് ടീമുകളും ക്രിക്കറ്റിൽ അധികം ഏറ്റുമുട്ടാറില്ല. ഐ സി സി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും കൊമ്പുകോർക്കാറുള്ളത്. അധികം കാണാൻ കിട്ടില്ല എന്ന കാരണത്താൽ തന്നെ ഇന്ത്യയും പാകിസ്ഥാനും എപ്പോൾ ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടിയാലും വലിയ വാർത്താ പ്രാധാന്യം നേടാറുണ്ട്. വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങുകയാണ്. ഏറെനാളായി നിർത്തിവച്ചിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മടങ്ങിവരവിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുക. സാമ്പത്തിക പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ വച്ചാണ് ടൂർണമെന്റ്.
ഇന്ത്യയെയും പാകിസ്ഥാനെയും കൂടാതെ ആതിഥേയരായ ശ്രീലങ്കയും ബംഗ്ളാദേശും ടൂർണമെന്റിൽ പങ്കെടുക്കും. ടൂർണമെന്റിന്റെ ഔദ്യോഗിക ഫിക്സ്ച്ചർ പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത മാസം ടൂർണമെന്റ് ആരംഭിക്കുമെന്ന് തന്നെയാണ് വിവരം. ആഗസ്റ്റ് 28നായിരിക്കും എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരം. ഐ സി സി ലോകകപ്പിന്റെ പരിശീലനാർത്ഥം ഇക്കൊല്ലം ടി ട്വന്റി മത്സരങ്ങളായിരിക്കും നടക്കുക. 2018ലാണ് അവസാനമായി ഏഷ്യാ കപ്പ് നടന്നത്. അന്ന് രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ ഫൈനലിൽ ബംഗ്ളാദേശിനെ തകർത്ത് കിരീടം സ്വന്തമാക്കിയിരുന്നു.