മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ് ഐ ആർ. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസ്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്. അതേസമയം ഭരണഘടനയെ അധിക്ഷേപിച്ച സംഭവം വിവാദമായതോടെ സജി ചെറിയാൻ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവെച്ചിട്ടില്ല. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ കഴിയുമോ എന്നതിൽ നിയമ വിദഗ്ദര്‍ക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഭരണഘടനയെ അവഹേളിക്കുകയും അത് തിരുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്തിനും ഭീഷണി ആണെന്നും ഒരു വിഭാഗം പറയുന്നു. ഗവർണ്ണർ നിയമിക്കുന്ന മന്തി എന്ന നിലക്ക് പകരം ജനം തെരഞ്ഞെടുത്ത എം എൽ എ ആയതിനാൽ രാജി വേണ്ട എന്ന അഭിപ്രായങ്ങളും ഉണ്ട്.
ഇതിനിടെ സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂർ പാര്‍ട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല. എന്നാൽ തന്റെപരാമർശത്തിൽ ഉറച്ച് നിൽക്കുന്ന രീതിയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം ആവശ്യപ്പെട്ടു.