കോർപ്പറേഷനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ആവുന്ന വഴികളെല്ലാം പരീക്ഷിക്കുകയാണ് കെ എസ് ആർ ടി സി. ഇപ്പോഴിതാ നാലമ്പല തീർത്ഥാടന യാത്രയാണ് കണ്ണൂർ കെ എസ് ആർ ടി സി ഏറ്റവും പുതിയതായി ആവിഷ്കരിക്കുന്നത്. അറുപതിലധികം വിനോദ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് കണ്ണൂർ കെ എസ് ആർ ടി സി തീർത്ഥാടന യാത്ര ഏറ്റെടുക്കാനൊരുങ്ങുന്നത്. രാമായണ മാസമായ കർക്കിടകത്തിൽ തീർഥാടകർക്കായി നാലമ്പല യാത്ര സംഘടിപ്പിക്കും.
ജൂലൈ 16 മുതൽ ആഗസ്ത് 17 വരെ സൂപ്പർ ഡീലക്സ് എയർ ബസിലാണ് യാത്ര. നാലമ്പലങ്ങളായ തൃപ്രയാർ, ശ്രീരാമസ്വാമി ക്ഷേത്രം, കൂടൽമാണിക്യം ഭരത ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം എന്നിവ സന്ദർശിക്കും. കുറഞ്ഞ ചെലവിൽ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിൽ നിന്നുമാണ് സർവീസ്. തീർഥാടകർക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. റസിഡൻഷ്യൽ ഗ്രൂപ്പുകൾക്കും സാമൂഹിക കൂട്ടായ്മകൾക്കും പ്രത്യേക ബുക്കിങ് സൗകര്യം ലഭിക്കും.