കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്ക് ന്യൂനപക്ഷ കാര്യങ്ങളുടെയും സ്റ്റീല്‍ മന്ത്രാലയങ്ങളുടെയും അധിക ചുമതല .കേന്ദ്ര മന്ത്രിമാരായിരുന്ന മുക്താര്‍ അബ്ബാസ് നഖ്വി, രാം ചന്ദ്ര പ്രസാദ് സിങ് എന്നിവരുടെ രാജിയെ തുടര്‍ന്നാണിത്. നഖ്വിയുടേയും സിംഗിന്റെയും രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, കഴിഞ്ഞ ദിവസം രാജിക്കത്ത് നൽകി.
രാജ്യസഭാ ഉപനേതാവ് കൂടിയായിരുന്ന നഖ്വിയുടെ രാജിയോടെ 395 പാര്‍ലമെന്റ് അംഗങ്ങളില്‍ ബിജെപിക്ക് നിലവില്‍ മുസ്ലീം എംപിമാരില്ല. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടില്‍ കാലാവധി അവസാനിച്ച മൂന്ന് ബിജെപി മുസ്ലീം എംപിമാരില്‍ നഖ്വിയും ഉള്‍പ്പെടുന്നു. എന്നാല്‍, അവരില്‍ ആരെയും പാര്‍ട്ടി വീണ്ടും നോമിനേറ്റ് ചെയ്തിട്ടില്ല.
മുന്‍ ബ്യൂറോക്രാറ്റും ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ വിശ്വസ്തനുമായിരുന്ന സിംഗ്, പാര്‍ട്ടിയുടെ ക്വാട്ടയില്‍ കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്ന് ഒരു വര്‍ഷത്തിനുശേഷമാണ് രാജിവച്ചിരിക്കുന്നത്.