വിമാനത്തിൽ മുഖംമൂടി ധരിച്ച കുഞ്ഞിന്റെ ഫോട്ടോ വൈറലാകുന്നു. എയർ ന്യൂസിലൻഡ് വിമാനത്തിലാണ് മുഖം മുഴുവൻ മാസ്ക് ധരിച്ച കുഞ്ഞ് യാത്ര ചെയ്തത്. കാഴ്ചകൾ കാണുന്നതിനായി മാസ്കിൽ കുഞ്ഞിന്റെ കണ്ണുകളുടെ ഭാഗം മാത്രം ദ്വാരമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാണ്. ജൂലായ് ഒന്നിന് ഓക്ലൻഡിൽ നിന്ന് വെല്ലിംഗ്ടണിലേക്കുള്ള വിമാനത്തിൽ നിന്നുമാണ് ഈ ചിത്രം പകർത്തിയത്. മാസ്ക് ധരിച്ച കുഞ്ഞ് നിറഞ്ഞ സന്തോഷത്തിലായിരുന്നുവെന്നാണ് വിമാനത്തിലെ ജീവനക്കാർ പ്രതികരിച്ചത്. ലോകം ഇതുവരെ സൂപ്പർബേബിക്കായി തയ്യാറായിട്ടില്ലെന്നാണ് ഒരാൾ ചിത്രത്തിന് കമന്റിട്ടത്.