പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കടുവ എന്ന ചിത്രം രണ്ടാം ഭാഗത്തിലേക്ക്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചന്റെ അപ്പൻ കഥാപാത്രമായ കടുവാക്കുന്നേൽ കോരുത് എന്ന കഥാപാത്രത്തിലൂടെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ഈ വേഷം മമ്മൂട്ടിയോ മോഹൻലാലോ അവതരിപ്പിക്കും. അതിനായി അണിയറപ്രവർത്തകർ ഇരുവരെയും സമീപിച്ചതായാണ് വിവരം. സംവിധായകനും തിരക്കഥാകൃത്തുമായ ജിനു വി. എബ്രഹാമിന്റെ രചനയിലാണ് കടുവ ഒരുങ്ങുന്നത്.
അതേസമയം പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കടുവ ജൂലായ് 7ന് തിയേറ്ററുകളിൽ എത്തും. ജൂൺ മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജൂലായ് 7ലേക്കു മാറ്റുകയായിരുന്നു. ലൂസിഫറിനുശേഷം വിവേക് ഒബ്റോയി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണ്. പൃഥ്വിരാജ് കോട്ടയം അച്ചായനായി എത്തുന്ന ചിത്രത്തിൽ സംയുക്ത മേനോൻ ആണ് നായിക. വൻ താരനിരയിലാണ് ഷാജി കൈലാസ് കടുവ ഒരുക്കുന്നത്.
ഇടവേളക്കുശേഷം പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. രവി കെ. ചന്ദ്രൻ ആണ് ഛായാഗ്രഹണം. തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ എസ്. തമൻ സംഗീതം ഒരുക്കുന്നു.