കഴിഞ്ഞ 18 ദിവസത്തിനിടെ എട്ട് തവണ തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് സ്പേസ് ജെറ്റ് വിമാനത്തിന് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസയച്ചു. നിരന്തരം സര്‍വീസ് തടസ്സപ്പെടുന്നതും സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും ചെയ്യുന്നതും പരിഗണിച്ചാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഇടപെടല്‍.
സ്പൈസ്ജെറ്റിന്റെ കൊല്‍ക്കത്ത-ചോങ്കിംഗ് ബോയിംഗ് 737 ചരക്ക് വിമാനത്തിലാണ് ഏറ്റവുമൊടുവില്‍ തകരാര്‍ കണ്ടെത്തിയത്. ടേക്ക് ഓഫിനു ശേഷം കാലാവസ്ഥാ റഡാറിന്റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ചുമതലയുള്ള പൈലറ്റ് കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം സുരക്ഷിതമായി കൊല്‍ക്കത്തയില്‍ ഇറക്കിയതായി സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
ഇതിനിടെ ഡൽഹിയിൽ നിന്നും ദുബായിലേക്ക് പറന്ന സ്പൈസ് ജെറ്റ് വിമാനവും യന്ത്ര തകരാറിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലിറക്കി. വിമാനത്തിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു. ഇൻഡിക്കേറ്റർ ലൈറ്റിന്റെ തകരാറിനെ തുടർന്ന് വിമാനം കറാച്ചിയിലേക്ക് തിരിച്ചു വിടുകയായിരുന്നു. അടുത്തിടെ പറന്നുയർന്ന ഉടൻ ക്യാബിനിൽ പുക കണ്ടതിനെ തുടർന്നും പക്ഷി ഇടിച്ച് എഞ്ചിൻ തകരാറിലായതിനെ തുടർന്നും വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തിരുന്നു.