തിരുവനന്തപുരം: അസാധാരണ നടപടിയിലൂടെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞതിൽ സ്പീക്കറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കാൻ പ്രതിപക്ഷം. ചോദ്യോത്തരവേള പോലും പൂർത്തിയാക്കാതെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. പുറത്തിറങ്ങിയ പ്രതിപക്ഷ നേതാക്കൾ സ്പീക്കറുടെ നടപടിയെ ജനാധിപത്യ വിരുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു. നിയമസഭയ്ക്കകത്ത് വിഷയം ഉന്നയിക്കാൻ പോലും സ്പീക്കറുടെ നടപടി മൂലം പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കറെ നേരിൽക്കണ്ട് പ്രതിഷേധം അറിയിക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം.
മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്നായിരുന്നു സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചത്. സഭ തുടങ്ങിയ ഉടൻ ചോദ്യോത്തരവേള നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കീഴ്വഴക്കം അതല്ലല്ലോ എന്ന് സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു.